Top

നിപ വൈറസ്; കേരളാ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

6 Sep 2021 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപ വൈറസ്; കേരളാ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്
X

കേരളത്തിൽ വീണ്ടും നിപ്പ വൈറസ് മരണം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ തമിഴിനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. നേരത്തെ ആർ.ടി. പി.സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ ഉണ്ടോ എന്ന് മാത്രമായിരുന്നു പരിശോധിച്ചിരുന്നത്. നിപ്പ മരണം കൂടി വന്നതോടെ യാത്രക്കാരുടെ ശരീരോഷ്മാവ് കൂടി പരിശോധിക്കാൻ തമിഴ്നാട് സർക്കാർ നിർദ്ദേശം നൽകി. അതിന്റെ ഭാഗമായി വാളയാർ ചെക്ക് പോസ്റ്റിൽ കോയമ്പത്തൂർ കളക്ടർ ഡോ. ജി. എസ് സമീരൻ സന്ദർശനം നടത്തി.

അതേസമയം സംസ്ഥാനത്ത് കൂടുതൽപേർക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറുപേർക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ ആകെ എട്ടുപേരിലാണ് രോഗലക്ഷണം പ്രകമായിരിക്കുന്നത്. ഹെെറിസ്ക് വിഭാഗത്തിലുള്ള 32 പേരെ ആശുപത്രിയിലേക്ക് മാറ്റി. സമ്പർക്കപ്പട്ടികയിൽ 63പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 251 ആയി വർദ്ധിച്ചു. ഇന്ന് പുനെയിലേക്ക് അയച്ച സമ്പർക്ക പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കോഴിക്കോട് ജില്ലയിലെത്തുക. ഡോ റിമ ആർ ആണ് വിദഗ്ദധ സംഘത്തെ നയിക്കുന്നത്. നേരത്തെ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള വിദഗ്ദ്ധർ രോഗം ബാധിച്ച മരിച്ച കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദർശിച്ചിരുന്നു. നിലവിൽ രോഗ വ്യാപനം രൂക്ഷമല്ലെന്നാണ് ആദ്യ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. കുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടിനു അസുഖം ബാധിച്ചത് നിപയുമായി ഒരു ബന്ധവുമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Next Story