ആരാകും ആ ഭാഗ്യവാന്; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
12 കോടി രൂപയാണ് ഒന്നാം സമ്മാനം
19 Sep 2021 5:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ ഇന്നറിയാം. ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ആരുടെ കൈകളിലെത്തുമെന്നറിയാന് ഇനി മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിലാവും നറുക്കെടുപ്പ്.
12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടുന്ന ആളുടെ കൈയ്യിലെത്തുക. രണ്ടാം സമ്മാനം ആറുപേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000,2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.
പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ഇന്ന് നടക്കും. ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശിന് നല്കി പൂജാ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്യും. ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, തിരുവനന്തപുരം കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന് തുടങ്ങിയവര്‍ സംബന്ധിക്കും.
മികച്ച വില്‍പ്പന തന്നെയാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണയും ഉണ്ടായിരിക്കുന്നത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത.് കഴിഞ്ഞ വര്‍ഷം 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു.