Top

കേരളത്തിലെ താലിബാൻ ഫാൻസ് എം.കെ മുനീറിന്റെ പോസ്റ്റിൽ ക്യൂ നിൽക്കുന്നു; ചർച്ചകൾ കൊഴുക്കുന്നു

രാഷ്ട്രീയ സാംസ്കാരിക രം​ഗത്തെ ചിലർ അഭിപ്രായം പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി

19 Aug 2021 5:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ താലിബാൻ ഫാൻസ് എം.കെ മുനീറിന്റെ പോസ്റ്റിൽ ക്യൂ നിൽക്കുന്നു; ചർച്ചകൾ കൊഴുക്കുന്നു
X

അഫ്​ഗാനിസ്ഥാനിലെ ജനാധിപത്യ സർക്കാരിനെ കീഴ്പ്പെടുത്തി താലിബാൻ രാജ്യ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കേരളത്തിലും ചർച്ചകൾ കൊഴുക്കുന്നു. താലിബാൻ അഫ്​ഗാനിസ്ഥാനിൽ സമാധാനപരമായ ഭരണം കൊണ്ടുവരുമെന്ന് ചിലർ വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേരളത്തിലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടുപിടിക്കുന്നത്. താലിബാന്റെ ചെയ്തികൾ ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്നും മനുഷ്യത്വ വിരുദ്ധമാണ് അവരുടെ നിലപാടുകളെന്നും രാഷ്ട്രീയ സാംസ്കാരിക രം​ഗത്തെ ചിലർ അഭിപ്രായം പറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. മുസ്ലിം ലീ​ഗിന്റെ മുതിർന്ന നേതാവ് എംകെ മുനീറാണ് വിഷയത്തിൽ ശ്രദ്ധേയമായ നിലപാട് മുന്നോട്ടുവെച്ചത്.

ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുകയെന്ന ചോദിച്ച മുനീറിന്റെ പോസ്റ്റിൽ താലിബാൻ അനുകൂല കമന്റുകൾ പ്രത്യക്ഷപ്പെട്ടു. താലിബാൻ അനുകൂല കമന്റുകൾ നിറഞ്ഞതോടെ പ്രശ്നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഉയർത്തുകയും ചെയ്തു. ഇടതുപക്ഷ അനുഭാവിയായ സുനിൽ പി ഇളയിടവും കേരളത്തിൽ താലിബാൻ ഫാൻസ് അപകടകരമായ ചിന്തയുണർത്തുന്നുവെന്ന് കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്.

മുനീറിന്റെ കുറിപ്പ്
അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടും അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.
കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?
താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.
സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.
ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക! അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു. അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ...
Next Story