Top

നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ല; നിലവിലേത് തുടരും; തീരുമാനം അവലോകന യോഗത്തില്‍

നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

24 Aug 2021 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ല; നിലവിലേത് തുടരും; തീരുമാനം അവലോകന യോഗത്തില്‍
X

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങളും, ഇളവുകളും തുടരാനാണ് അവലോകന യോഗത്തിലെ തീരുമാനം. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ചയിലെ വാരാന്ത്യ ലോക്ക് ഡൗണില്‍ മാറ്റമില്ല. കടകള്‍ക്കും,സ്ഥാപനങ്ങള്‍ക്കും നല്‍കിയ ഇളവുകളും തുടരും.

കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്നത് അടുത്തയാഴ്ച ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദേശം. 70 ശതമാനം വാക്‌സിനേഷന്‍ നടന്ന ജില്ലകളില്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങിയ പത്ത് ലക്ഷം ഡോസ് വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികളും,സ്ഥാപങ്ങളും വഴി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കും. വാക്‌സിന്‍ എടുത്തവരിലും കോവിഡ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ജനിതകപഠനം നടത്തുവാനും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി സെപ്റ്റംബറില്‍ ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്റെ തീരുമാനം. പൊതു ചടങ്ങുകളില്‍ പങ്കെടുത്ത ഒരാള്‍ക്ക് രോഗം വന്നിട്ടുണ്ടെങ്കില്‍ എല്ലാവരും പരിശോധിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story