Top

ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ പുതിയ റെക്കോർഡിട്ട് കേരളം; ഉത്രാട ദിനത്തില്‍ മാത്രം 75 കോടിയുടെ വില്‍പ്പന

പരീക്ഷണാർത്ഥം അവതരിപ്പിച്ച ഓണ്‍ലെെന്‍ വില്‍പ്പനയും വിജയകരമായിരുന്നെന്നാണ് നിഗമനം.

23 Aug 2021 1:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ പുതിയ റെക്കോർഡിട്ട് കേരളം; ഉത്രാട ദിനത്തില്‍ മാത്രം 75 കോടിയുടെ വില്‍പ്പന
X

മഹാമാരിക്കാലത്തെ മറ്റൊരു ഓണക്കാലത്ത് വിദേശ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് കേരളം. ഉത്രാടദിനത്തില്‍ മാത്രം 75 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വർഷം കരുനാഗപ്പള്ളിയും ചാലക്കുടിയുമായിരുന്നു മുന്നിലെങ്കില്‍ ഇത്തവണ തിരുവനന്തപുരം നഗരത്തിലെ പവർ ഹൗസ് റോഡിലെ ബെവ്കോയിലാണ് ഉത്രാടത്തിന് ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത്. 1.04 കോടിയായിരുന്നു ഒറ്റദിനത്തിലെ വില്‍പ്പന.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇത്തവണ പരീക്ഷണാർത്ഥം അവതരിപ്പിച്ച ഓണ്‍ലെെന്‍ വില്‍പ്പനയും വിജയകരമായിരുന്നെന്നാണ് നിഗമനം. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബെവ്കോകളില്‍കൂടി ഓണ്‍ലെെന്‍ വില്‍പ്പനയ്ക്ക് സംവിധാനമൊരുക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആകെ 265 മദ്യശാലകളാണ് ഉള്ളത്.

ഉത്രാടം വരെയുള്ള പത്തു ദിവസം കണ്‍സ്യൂമർ ഫെഡ് വഴിയുള്ള മദ്യവില്‍പ്പന 60 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 36 കോടിയായിരുന്നു. ഇക്കൊല്ലം അത് ഇരട്ടിയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 39 സ്ഥാപനങ്ങളില്‍ പതിവുപോലെ കുന്നംകുളത്തെ വിദേശമദ്യ ശാലയിലാണ് ഉത്രാട ദിനത്തില്‍ ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 60 ലക്ഷം രൂപയുടെ വില്‍പ്പനയാണ് കുന്നംകുളത്ത് നടന്നത്. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ മദ്യശാലയും 56 ലക്ഷം രൂപയുടെ വില്‍പ്പനയുമായി കോഴിക്കോട്ടെ മദ്യശാലയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഓണക്കാല വിപണയില്‍ റെക്കോര്‍ഡ് നേട്ടമാണ് കണ്‍സ്യൂമര്‍ ഫെഡ് കെെവരിച്ചത്. ആകെ 150 കോടി രൂപയുടെ വില്‍പ്പനയാണ് ഇത്തവണത്തെ ഓണം വിപണയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേട്ടം. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പന നടന്നു. സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ 2000 ഓണ വിപണികളാണ് കേരളത്തിലെമ്പാടുമായി പ്രവര്‍ത്തിച്ചത്.

ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവിലാണ് 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഈ ഇനത്തില്‍ 45 കോടിയും 10 ശതമാനും മുതല്‍ 30 ശതമാനം വരെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 45 കോടിക്കും വില്‍പ്പന നടത്തി. പൊതുവിപണിയില്‍ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും 35 രൂപ വില അരി 25 രൂപയ്ക്കുമാണ് സബ്‌സിഡിയോടെ കണ്‍സ്യൂമര്‍ ഫെഡ് ഓണ വിപണിയില്‍ ഒരുക്കിയത്.

കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടേയും ഭാഗമായി എല്ലാ ദിവസവും ഔട്ട്‌ലെറ്റുകളും ഓണച്ചന്തകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നിരിക്കെയാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം. പൂഴ്ത്തിവയ്പ്പിനോ ക്രമക്കേടിനോ ഇടനല്‍കാതെ ജനകീയ മേല്‍നോട്ടത്തില്‍ സാമൂഹിക പ്രതിബന്ധതയോടെയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.
Next Story

Popular Stories