Top

'സ്റ്റാന്‍ലി ചേട്ടന് ലോട്ടറിയടിച്ചു'; കഥയിലെ ബാക്കി ട്വിസ്റ്റ് പറഞ്ഞ് പൊലീസ്

ഓഗസ്റ്റ് 25 ന് നടന്ന മോഷണത്തില്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയ്‌ക്കൊപ്പം വില്‍പ്പനയ്ക് വെച്ചിരുന്ന ലോട്ടറിടിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു.

8 Sep 2021 1:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്റ്റാന്‍ലി ചേട്ടന് ലോട്ടറിയടിച്ചു; കഥയിലെ ബാക്കി ട്വിസ്റ്റ് പറഞ്ഞ് പൊലീസ്
X

തൃശ്ശൂര്‍ നഗരത്തിലെ രെു ലോട്ടറിവില്‍പ്പനശാലയില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണത്തിന്റെ ചുരുളഴിഞ്ഞ കഥ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി പണം വാങ്ങാനെത്തിയ സ്റ്റാന്‍ലി ചേട്ടനാണ് കഥയിലെ നായകന്‍. പണം വാങ്ങാന്‍ കാത്തിരിക്കവെ പൊലീസ് എത്തി കഥാനായകനെ പിടിച്ചുകൊണ്ടുപോകുന്നു. പിന്നീടാണ് കഥയിലെ ട്വിസ്റ്റ്.

പൂങ്കുന്നം കുട്ടന്‍കുളങ്ങരയില്‍ ഒരു പലചരക്കുകടയില്‍ നടന്ന മോഷണത്തിന്റെ ബാക്കിയായിരുന്നു അന്ന് ലോട്ടറി സ്ഥാപനത്തില്‍ നടന്നത്. നടന്നിരുന്നു. ഓഗസ്റ്റ് 25 ന് നടന്ന മോഷണത്തില്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയ്‌ക്കൊപ്പം വില്‍പ്പനയ്ക് വെച്ചിരുന്ന ലോട്ടറിടിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു. കടയുടമയുടെ പരാതിയില്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ മോഷ്ടിക്കപ്പെട്ട ടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടന്നു. അതില്‍ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ക്ക് 5000 രൂപ വീതം സമ്മാനമടിച്ചു. ഇതോടെ ടിക്കറ്റുകള്‍ പണമാക്കി മാറ്റാന്‍ കള്ളന്‍ എത്തുമെന്ന് പൊലീസിനറിയാമായിരുന്നു. തുടർന്ന് ലോട്ടറി വില്‍പ്പന ശാലകളെ പൊലീസ് നിരീക്ഷണത്തിലാക്കി. അപ്പോഴാണ് മോഷണക്കേസിലെ പ്രതിയായ സ്റ്റാന്‍ലി ചേട്ടന്‍ ടിക്കറ്റുമായി എത്തി പൊലീസിന്റെ വലയില്‍ ചാടുന്നത്.

കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കഥയുടെ പൂര്‍ണ്ണരൂപം:

സ്റ്റാന്‍ലി ചേട്ടന് ലോട്ടറിയടിച്ചു.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തൃശൂര്‍ നഗരത്തിലെ ഒരു ലോട്ടറി വില്‍പ്പനശാലയില്‍ കൊടുത്ത് പണം വാങ്ങാമെന്ന് അയാള്‍ കരുതി. ലോട്ടറി വില്‍പ്പനശാലയിലെ ജീവനക്കാരന്‍ സ്റ്റാന്‍ലി ചേട്ടനോട് അവിടെ അല്‍പ്പസമയം ഇരിക്കാന്‍ പറഞ്ഞു. അധികം താമസിയാതെ തന്നെ ഒരു പോലീസ് ജീപ്പ് അവിടെ വന്നു നിന്നു. പോലീസുദ്യോഗസ്ഥര്‍ ഇറങ്ങി, വേഗത്തില്‍ ലോട്ടറി വില്‍പ്പനശാലയിലേക്ക് നടന്നു. സ്റ്റാന്‍ലി ചേട്ടന്‍ അവിടെ

ഇരിക്കുന്നുണ്ടായിരുന്നു. പോലീസുദ്യോഗസ്ഥര്‍ വളരെ അനുനയത്തോടെ സ്റ്റാന്‍ലി ചേട്ടനോട് സംസാരിച്ചു. എന്നിട്ട് അയാളോട് പോലീസ് വാഹനത്തില്‍ കയറുവാന്‍ പറഞ്ഞു.

'ഞാനെന്തു തെറ്റാണ് ചെയ്തത് സാറേ...?' - സ്റ്റാന്‍ലി ചേട്ടന്‍ പോലീസ് ഓഫീസറോട് ചോദിച്ചു.

ഞൊടിയിടയില്‍ തന്നെ ആ വാര്‍ത്ത പരന്നു. തൃശൂര്‍ നഗരത്തിലെ ലോട്ടറി വില്‍പ്പന കടയില്‍ ലോട്ടറി വാങ്ങാനെത്തിയ ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നു. അറിഞ്ഞവരില്‍ ചിലരൊക്കെ അവിടേക്ക് വന്നു.

'ലോട്ടറി വാങ്ങാന്‍ വന്നയാളെ എന്തിനാണ് പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് ?' ചിലരൊക്കെ അടക്കം പറഞ്ഞു. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്.

ഇക്കഴിഞ്ഞ ആഗസ്ത് 25 ന് പൂങ്കുന്നം കുട്ടന്‍കുളങ്ങരയില്‍ ഒരു പലചരക്കുകടയുടെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നിരുന്നു. രാവിലെ കട തുറക്കാനെത്തിയ ഉടമസ്ഥനാണ് മോഷണം നടന്ന വിവരം പോലീസില്‍ അറിയിച്ചത്. കടയുടെ അകത്ത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 15000 രൂപയും വില്‍പ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും കള്ളന്‍ മോഷ്ടിച്ചുകൊണ്ടു പോയി. തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് ഇക്കാര്യത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ, നഷ്ടപ്പെട്ട പണത്തെക്കുറിച്ചും, ലോട്ടറിടിക്കറ്റുകളെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു.

കള്ളന്‍ മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടക്കുകയുണ്ടായി. അതില്‍ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകള്‍ക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി. അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണോദ്യോഗസ്ഥര്‍ മനസ്സിലാക്കി. മോഷണം ചെയ്തു കൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാല്‍, ലോട്ടറി ടിക്കറ്റുകള്‍ പണമാക്കി മാറ്റാന്‍ കള്ളന്‍ എത്തുമെന്ന് പോലീസിനറിയാമായിരുന്നു. അക്കാരണത്താല്‍ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വില്‍പ്പനശാലകളില്‍ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നല്‍കി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പു നല്‍കി.

അങ്ങിനെയിരിക്കെയാണ് നമ്മുടെ സ്റ്റാന്‍ലി ചേട്ടന്‍, സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വില്‍പ്പനശാലയില്‍ എത്തിയത്. പോലീസുദ്യോഗസ്ഥര്‍ അറിയിച്ച പ്രകാരമുള്ള സീരീസില്‍ പെട്ട ലോട്ടറിടിക്കറ്റുകളാണ് അതെന്ന് ലോട്ടറി വില്‍പ്പന കടക്കാരന്‍ ഉറപ്പുവരുത്തി. നയത്തില്‍ അയാളെ അവിടെ ഇരുത്തി സംസാരിച്ചു. വിവരം പോലീസിനെ അറിയിച്ചു. പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്റ്റാന്‍ലിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സ്റ്റാന്‍ലി തന്നെയാണ് കടയുടെ ഷട്ടര്‍ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് കുറ്റം പോലീസിനോട് സമ്മതിച്ചു.

അങ്ങിനെ ആ കഥയ്ക് ശുഭാന്ത്യം

പോസ്റ്റിന് കടപ്പാട്: തൃശൂര്‍ സിറ്റി പോലീസ്

Next Story