Top

'ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടത് എസ്‌ഐ'; ഹണിട്രാപില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

6 Sep 2021 7:33 AM GMT
ആർ അരുൺ രാജ്

ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടത് എസ്‌ഐ; ഹണിട്രാപില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
X

കേരള പൊലീസിനെ പിടിച്ച് കുലുക്കിയ ഹണി ട്രാപ് വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രമോഷനു വേണ്ടി ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടത് ഒരു സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം. എസ്‌ഐ യുവതിയുമായി നടത്തിയ ഓഡിയോ സന്ദേശം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുമായിയുള്ള ബന്ധമേ ഗുണം ചെയ്യുമെന്നുമാണ് എസ്‌ഐ യുവതിയ്ക്ക് നല്‍കുന്ന ഉപദേശം.

ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒരു എസ് ഐ യുവതിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ കേട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന പോലീസിലെ ഹണി ട്രാപ്പ് വിഷയത്തിലെ ആരോപണ വിധേയ യുവതിയോടാണ് എസ്‌ഐ ഇക്കാര്യം ആവശ്യപ്പെടുന്നത് എന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരെ യുവതിയുമായിയുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യസാധ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും എസ്‌ഐ നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം യുവതിയ്ക്ക് സഹായം ചെയ്‌തെന്ന് കരുതുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരെ കെണിയില്‍ വീഴ്ത്തുന്നതിന് ആശുപത്രിയില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയത് ഇവരാണെന്നാണ് വിവരം.

ഡിവൈഎസ്പി മുതല്‍ എസ്‌ഐ വരെയുള്ളവരെ തന്ത്രപൂര്‍വം ഒരു യുവതി ഹണി ട്രാപ്പില്‍ കുടുക്കി എന്നായിരുന്നു പുറത്ത് വന്ന വിവരം. ഇതിലെ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്കിലാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ സംസ്ഥാന പോലീസിലെ എഡിജിപി റാങ്കിലും, ഐ ജി റാങ്കിലുള്ളമുള്ള രണ്ട് ഉദ്യോഗസ്ഥരും ഹണി ട്രാപ്പിന്റെ ഇരകളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വലിയ തട്ടിപ്പിന് ഇരയായിട്ടും പരാതി നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. മാനഹാനിയും കുടുംബബന്ധമുള്‍പ്പെടെ തകരുമെന്ന ആശങ്കയുമാണ് ഉദ്യോഗസ്ഥരെ നടപടി സ്വീകരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. മാത്രമല്ല ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള സ്വകാര്യ ചാറ്റുകള്‍ ഉപയോഗിച്ചാണ് യുവതി മറ്റ് പോലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്നുമാണ് വിവരങ്ങള്‍. ഇത്തരത്തില്‍ യുവതിയുടെ കൈവശമുള്ള വിവരങ്ങള്‍ പുറത്ത് വരുമോയെന്ന ആശങ്ക കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിക്ക് ഉന്നത ഉദ്യോഗസഥര്‍ തയ്യാറാകുന്നില്ലെന്നും സേനയ്ക്ക് ഉള്ളില്‍ വിമര്‍ശനമുണ്ട്.

ഹണി ട്രാപ്പ് വിഷയത്തില്‍ സംസ്ഥാന പോലീസിന്റെ ഹൈടക് സെല്‍ അന്വേഷണം ആരംഭിച്ചിരുന്നു. യുവതിയുടെ വിവരങ്ങളും ഇടപാടുകളും പരിശോധിച്ച പൊലീസ് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളും, വാട്‌സ് ആപ്പ് ചാറ്റുകളും പോലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി. നേരത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന് എതിരെയുള്ള തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചതിന് പിന്നാലെ അപരിചതരുമായി സൗഹൃദം സ്ഥാപിക്കരുതെന്ന് അന്ന് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന ഇന്റലിജന്‍സും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്.

Next Story