Top

'നിയമം ചൂണ്ടിക്കാട്ടി എസ്‌ഐ സല്യൂട്ട് നിഷേധിച്ചിരുന്നുവെങ്കില്‍ എംപി അപമാനിതനാകുമായിരുന്നു'; ആദരവ് കൊടുത്തുവാങ്ങേണ്ടതെന്ന് പൊലീസ് അസോസിയേഷന്‍

ജനപ്രതിനിധികളെയും ജനാധിപത്യത്തെയും ആദരിക്കുന്നവരാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍

15 Sep 2021 1:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമം ചൂണ്ടിക്കാട്ടി എസ്‌ഐ സല്യൂട്ട് നിഷേധിച്ചിരുന്നുവെങ്കില്‍ എംപി അപമാനിതനാകുമായിരുന്നു; ആദരവ് കൊടുത്തുവാങ്ങേണ്ടതെന്ന് പൊലീസ് അസോസിയേഷന്‍
X

ഒല്ലൂര്‍ എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എംപിയുടെ നടപടി പൊലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രാകാരം ന്യായീകരിക്കാനാകാത്തതെന്ന് പൊലീസ് അസോസിയേഷന്‍. ജനപ്രതിനിധികളോടുള്ള ആദരമെന്ന നിലയില്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എമാരെയും എംപിമാരെയും സല്യൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇത് പിഎസ്ഒ പ്രകാരം തന്റെ അവകാശമാണെന്ന് എംപിക്ക് അവകാശപ്പെടാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു സി ആര്‍ ബിജു വ്യക്തമാക്കി.

പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി സല്യൂട്ട് ചെയ്യാനുള്ള എംപിയുടെ ആവശ്യത്തെ എസ്ഐ നിഷേധിച്ചിരുന്നുവെങ്കില്‍ സുരേഷ് ഗോപി എംപി അപമാനിതനാകുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി സല്യൂട്ട് ചെയ്ത ഉദ്യോഗസ്ഥന്റെ നടപടിയെ വലിയ മനസ്സായിട്ടാണ് താന്‍ കാണുന്നതെന്നും ബിജു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സി ആര്‍ ബിജു പറഞ്ഞത്:

കേരള പൊലീസിന്റെ സ്റ്റാന്‍ഡിംഗം ഓര്‍ഡറില്‍ ആരെ സല്യൂട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശമുണ്ട്. ആ പ്രോട്ടോക്കോള്‍ പരിശീലന കാലം മുതല്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ പാലിച്ചുവരുന്നുണ്ട്. ജനപ്രതിനിധികളെയും ജനാധിപത്യത്തെയും ആദരിക്കുന്നവരാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ടുതന്നെ എംഎല്‍എമാരെയും എംപിമാരെയും കാണുമ്പോള്‍ അവര്‍ക്ക് നല്‍കേണ്ട ആദരം രാഷ്ട്രീയ വ്യത്യാസമില്ലാതെ അഭിവാദനങ്ങളിലൂടെയും സല്യൂട്ടിലൂടെയും പാലിച്ചുവരുന്നുണ്ട്. എന്നാല്‍ ഇത് പൊലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം തന്റെ അവകാശമാണെന്ന് എംപി അവകാശപ്പെടുന്നത് ശരിയല്ല. പിഎസ്ഒയില്‍ അങ്ങനെയൊരു നിര്‍ദേശിമില്ല എന്നതാണ് വസ്തുത.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ക്കെല്ലാം പിഎസ്ഒ പ്രകാരം സല്യൂട്ടിന് അര്‍ഹതയുണ്ട്. ഇതിനുപുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും, മേലുദ്യോഗസ്ഥര്‍ക്കും, ഡ്യൂട്ടി സ്ഥലത്തിലൂടെ കടന്നുപോകുന്ന സായുധ സേനകള്‍ക്കും ഇത്തരത്തില്‍ സല്യൂട്ട് നല്‍കേണ്ടതുണ്ട്. മുന്നിലൂടെ കടന്നുപോകുന്ന മൃതദേഹങ്ങള്‍ക്കും ആദരസൂചകമായി സല്യൂട്ട് നല്‍കാറുണ്ട്. പാര്‍ലമെന്റിലും സെക്രട്ടറിയേറ്റുകളിലും നിയമിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തുന്ന ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യണമെന്ന് നിയമമുണ്ട്.

ഈ നിര്‍വ്വചനങ്ങളില്‍ ഉള്‍പ്പെടാത്ത ജനപ്രതിനിധികളെപ്പോലും കേരള പൊലീസ് ഇപ്പോള്‍ സല്യൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അത് ചെയ്യണമെന്ന് മാനുവലില്‍ നിര്‍ദേശമില്ലെന്നിരിക്കെ പൊതു ജനമധ്യത്തില്‍ വെച്ച് ആക്ഷേപിച്ച് സല്യൂട്ട് ചോദിച്ചുവാങ്ങി അഭിമാനത്തെ ചോദ്യം ചെയ്യുന്നത് സേനയെ സംബന്ധിച്ച് ധാര്‍മ്മിക വിഷമമുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവുമാണ് പൊലീസിന്റെ ജോലി, സല്യൂട്ട് ചെയ്യലല്ല. എന്നാല്‍ ഇക്കാരണത്താല്‍ ജനപ്രതിനിധികളുമായി ഏറ്റുമുട്ടാന്‍ പൊലീസിന് താത്പര്യമില്ല.

സമൂഹമധ്യത്തില്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍വെച്ച് അധിക്ഷേപിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ ഇല്ലാത്തതിനാല്‍ ആ പൊലീസുകാരന്‍ സല്യൂട്ട് നിഷേധിച്ചിരുന്നുവെങ്കില്‍ അവിടെ അപമാനിതനാകുന്നത് ആ ജനപ്രതിനിധിയാകുമായിരുന്നു. പക്ഷേ അതിന് ഇടവരുത്താതെ സല്യൂട്ട് ചെയ്യാനുള്ള മാന്യത ആ പൊലീസുദ്യോഗസ്ഥന്‍ കാണിച്ചത് വലിയ മനസ്സായിട്ടാണ് കാണേണ്ടത്. ഓരോരുത്തരുടെയും ശൈലിയിലുണ്ടാകേണ്ട ധാര്‍മ്മികയുടെ പ്രശ്‌നമാണിത്. ആദരവും ബഹുമാനവുമെല്ലാം കൊടുത്തുവാങ്ങേണ്ടതാണ്. ചോദിച്ചുവാങ്ങേണ്ടതല്ലെന്നും സി ആർ ബിജു പറഞ്ഞു.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി എംപിയുടെ ഭാഗത്തുനിന്ന് വിവാദത്തിനിടയാക്കിയ നടപടിയുണ്ടായത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി എംപി് സല്യൂട്ട് ചെയ്യിപ്പിക്കുകയായിരുന്നു എംപി. നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെയാണ് സുരേഷ് ഗോപി എസ്ഐട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ് ഐയോട് പറഞ്ഞത്.

Popular Stories

    Next Story