Top

'നിപയെ മുളയിലെ നുള്ളാൻ കേരളം'; 15 സാമ്പിളുകൾ കൂടി നെ​ഗറ്റീവ്, ഇതുവരെ പരിശോധിച്ചത് 123 പേരെ

12 Sep 2021 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിപയെ മുളയിലെ നുള്ളാൻ കേരളം; 15 സാമ്പിളുകൾ കൂടി നെ​ഗറ്റീവ്, ഇതുവരെ പരിശോധിച്ചത് 123 പേരെ
X

കോഴിക്കോട്: കേരളത്തിലെ നിപ ആശങ്ക മാറുന്നു. സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധന ഫലം കൂടി നെ​ഗറ്റീവായി. ഇതുവരെ സമ്പർക്ക പട്ടികയിലുള്ള പരിശോധന ഫലം പുറത്തുവന്നവരുടെ എണ്ണം 123 ആയി ഉയർന്നു. മരണപ്പെട്ട കുട്ടിക്ക് അല്ലാതെ മറ്റൊരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്. 48 മണിക്കൂറിനിടെ പരിശോധിച്ചത് 35 സാമ്പിളുകളാണ്.

വൈറസ് ബാധ റിപ്പോർട്ട് ചെയ്ത അന്നുമുതൽ കോഴിക്കോട്ട് ജില്ലയിലും സമീപ പ്രദേശങ്ങളിലും ജാ​ഗ്രതാ നിർദേശം നൽകിയിരുന്നു. സമ​ഗ്രമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോ​ഗ്യവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ആസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ നിർദേശങ്ങൾ നൽകിയിരുന്നു. തയ്യാറെടുപ്പുകൾ ദ്രു​ത​ഗതിയിൽ പൂർത്തിയാക്കിയത് ​ഗുണം ചെയ്തു.

അതേസമയം ഹൈ റിസ്‌കിലുള്ളവർ നിരീക്ഷണത്തിൽ തുടരും. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ തുടരുകയാണ്. ഇവർക്കാർക്കും തന്നെ ആരോ​ഗ്യ പ്രശ്നങ്ങളില്ലാത്തത് ആശ്വാസകരമായ കാര്യമാണ്. നിരീക്ഷണം ശക്തമായി തന്നെ തുടരുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

Next Story