Top

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളറിയാന്‍ സംവിധാനമൊരുക്കി സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്കും വെബ്സെെറ്റ് വഴി വിവരങ്ങള്‍ പരിശോധിക്കാം

പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണ്

5 Aug 2021 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളറിയാന്‍ സംവിധാനമൊരുക്കി സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്കും വെബ്സെെറ്റ് വഴി വിവരങ്ങള്‍ പരിശോധിക്കാം
X

സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍.

പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കൊവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കൊവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ പ്രസിദ്ധീകരിക്കാതെ പോയ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുമെന്നും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പരാതി നല്‍കാമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു. കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാതെ പോയിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും വിഡി സതീശന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.



Next Story