Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി; 'തട്ട്കിട്ടുമെന്ന്' കുഞ്ഞാലിക്കുട്ടി

അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ് ചിലര്‍

4 Aug 2021 5:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി; തട്ട്കിട്ടുമെന്ന് കുഞ്ഞാലിക്കുട്ടി
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം ഇല്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ കേരളം അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 80:20 അനുപാതം റദ്ദാക്കിയ വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ആനുകൂല്യങ്ങള്‍ കുറവ് ഉണ്ടാകാത്ത തരത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചയിക്കുന്ന അര്‍ഹതയ്ക്ക് അനുസരിച്ച് യോഗ്യത ഉള്ള എല്ലാവര്‍ക്കും അനുകുല്യം ലഭിക്കും, ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്നുള്ള പരാതികള്‍ എങ്ങനെ വന്നു എന്ന് അറിയില്ല. ഈ പ്രശ്‌നം എന്തുകൊണ്ട് ഉയര്‍ന്നുവന്നു എന്നത് ഗൗരവമായി പരിശോധിക്കണം. അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ് ചിലര്‍. ഇത്തരക്കാര്‍ മറ്റു ചില താല്‍പര്യങ്ങള്‍ ഉണ്ട്. ആനുകൂല്യങ്ങളില്‍ കുറവ് ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചിട്ടും ആശങ്ക ഉണ്ടാക്കുന്നതില്‍ മറ്റ് എന്തെങ്കിലും താല്‍പര്യം ഉണ്ടോയെന്ന് സംശയിക്കുന്നുണ്ട്.

ഹൈക്കോടതി വിധിക്ക് പിന്നാലെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. ഇവ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തില്‍ മാറി മാറി അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് നടപ്പാക്കിയത് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോയാല്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ തട്ട് കിട്ടുമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യം അതാത് സമുദായത്തിന് നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി. സച്ചാര്‍ കമ്മിറ്റി രൂപീകരിച്ചത് പ്രത്യേക സമുദായത്തിന് വേണ്ടിയാണെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എയും വ്യക്തമാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാവി കാര്യങ്ങളിലെ ആശങ്ക അപ്പോള്‍ പരിഹരിക്കാമെന്ന് നിയമ സഭയില്‍ വ്യക്തമാക്കി.

Next Story

Popular Stories