Top

'ഒറ്റത്തുള്ളിയും പാഴാക്കാതെ അതിവേഗം' ; കേരളത്തില്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 80 ശതമാനത്തിലേറെ പേര്‍

കേരളത്തിലെ വാക്‌സിനേഷന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ (2,30,09,295) നല്‍കി. 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (92,31,936) നല്‍കിയിട്ടുണ്ട്.

15 Sep 2021 2:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റത്തുള്ളിയും പാഴാക്കാതെ അതിവേഗം ; കേരളത്തില്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 80 ശതമാനത്തിലേറെ പേര്‍
X

കേരളത്തിലെ വാക്‌സിനേഷന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ (2,30,09,295) നല്‍കി. 32.17 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (92,31,936) നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,22,41,231) ഡോസ് വാക്‌സിന്‍ നല്‍കാനായി. കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കുമ്പോള്‍ പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സംരക്ഷിക്കുകയാണ് പ്രധാനം. ആ ലക്ഷ്യത്തില്‍ 80 ശതമാനം കവിഞ്ഞു എന്നത് നിര്‍ണായകമാണ്.

18 വയസിന് മുകളിലുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി ഈ മാസത്തില്‍ തന്നെ വാക്‌സിന്‍ നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 6 ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ട്.

ഇന്നലെ വരെ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എല്‍.ടി.സി., സി.എസ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ 2 ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്‌സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ. ഒരു ശതമാനം മാത്രമേ ഐ.സി.യു.വിലുള്ളൂ.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ ഈ മാസത്തോടെ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കകം രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണിപ്പോള്‍ കരുതുന്നത്.

രോഗം ബാധിച്ച ശേഷം ആശുപത്രികളില്‍ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടാകുന്നുണ്ട്. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം 30 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അത് 22 ശതമാനമായിരുന്നു. ഇത്തരമൊരു പ്രവണത ആശാസ്യമല്ല. കോവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമാണ്. തക്ക സമയത്ത് ചികിത്സ നേടിയാല്‍ വലിയൊരളവ് മരണങ്ങള്‍ കുറച്ചു നിര്‍ത്താന്‍ സാധിക്കും. എത്രയും പെട്ടെന്ന് ചികിത്സ നേടാന്‍ പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരും ശ്രദ്ധിക്കണം. അവരുടെ ബന്ധു മിത്രാദികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വാര്‍ഡ് തല കമ്മിറ്റികളും സക്രിയമായി ഇടപെടണം.

മരണമടഞ്ഞവരില്‍ വലിയൊരു ശതമാനം പേരും വാക്‌സിന്‍ എടുക്കാത്തവരായിരുന്നു. 60 വയസ്സിനു മുകളിലുള്ളവരില്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ ഇനിയുമുണ്ട്. ആവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സിന്‍ എടുക്കുന്നവര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകുന്നുണ്ട്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. രോഗപ്പകര്‍ച്ചയും രോഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. വാക്‌സിന്‍ എടുത്തവരില്‍ രോഗബാധ ഉണ്ടായാലും രോഗാവസ്ഥകള്‍ കടുത്തതാകില്ല. മരണ സാധ്യതയും വളരെ കുറവാണ്. വാക്‌സിന്‍ എടുത്തവരെ വൈറസ് ബാധിച്ചാല്‍ അവരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാക്‌സിന്‍ എടുത്തവരും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാന്‍ ശ്രദ്ധിക്കണം.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറോ പ്രിവലന്‍സ് പഠനം നടക്കുകയാണ്. എത്ര പേര്‍ക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് ഈ പഠനം. കുട്ടികളിലും സെറോ പ്രിവലന്‍സ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്‌സിന്‍ വിതരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കൃത്യതയോടെ നടപ്പിലാക്കാനും ഈ പഠനം സഹായകമാകും. ഈ മാസം അവസാനത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ക്വാറന്റയ്ന്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പോലീസിന്റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളില്‍ കഴിഞ്ഞയാഴ്ച പോലീസ് സന്ദര്‍ശനം നടത്തി. ക്വാറന്റയ്‌നില്‍ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ സംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ അരാഞ്ഞത്. കഴിഞ്ഞയാഴ്ച ക്വാറന്റയ്‌നില്‍ കഴിഞ്ഞ 3,47,990 പേരെ ഫോണില്‍ ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ക്വാറന്റയ്ന്‍ ലംഘിച്ച 1239 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Next Story