Top

പൊലീസിനെ 'കുട്ടന്‍പിള്ള കാലത്തേക്ക്' മടക്കിക്കൊണ്ട് പോവുന്നെന്ന് പ്രതിപക്ഷം; പ്രധാനം ജനങ്ങളുടെ ജീവനെന്ന് ആരോഗ്യമന്ത്രി: കൊവിഡ് നിയന്ത്രണം നിയമസഭയില്‍

സര്‍ക്കാരിന് ദുഷ്‌പ്പേര് ഉണ്ടാകട്ടെ എന്ന് കരുതിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആരോഗ്യമന്ത്രി

6 Aug 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസിനെ കുട്ടന്‍പിള്ള കാലത്തേക്ക് മടക്കിക്കൊണ്ട് പോവുന്നെന്ന് പ്രതിപക്ഷം; പ്രധാനം ജനങ്ങളുടെ ജീവനെന്ന് ആരോഗ്യമന്ത്രി: കൊവിഡ് നിയന്ത്രണം നിയമസഭയില്‍
X

പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങലവുടെ പേരില്‍ സംസ്ഥാനത്ത് പൊലീസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും പുതിയ നിര്‍ദേശങ്ങളിലെ ആശയക്കുഴപ്പങ്ങളുമായിരുന്ന പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. കൊവിഡ് ഇളവുകള്‍ അശാസ്ത്രീയമാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു കെ ബാബു എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം.

രണ്ടാം തരംഗത്തില്‍ 22 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ കെ ബാബു സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഐഎംഎ ഉള്‍പ്പടെ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാട് തിരുത്തും എന്ന് പ്രതീക്ഷിച്ചിരുന്നു. വലിയ പ്രതീക്ഷയില്‍ നിന്ന് ജനങ്ങള്‍ക്ക് ഉത്തരവ് നിരാശയുണ്ടായി. ആന കൊടുത്താലും ആശ കൊടുക്കരുത. മന്ത്രിയും ചീഫ്‌സെക്രട്ടറിയും പറയുന്നതില്‍ ആര് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ഇപ്പോഴത്തെ ഉത്തരവ് അനുസരിച്ച് യുവാക്കള്‍ വീട്ടിലിരിക്കുകയും പ്രായമായവര്‍ കടയില്‍ പോകേണ്ട സാഹചര്യവുമാണുള്ളത്. സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തവരില്‍ കൂടുതലും പ്രായമായവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നായിരുന്നു മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിലപാട്. അത് തടയാനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആലോചിച്ച് നടപ്പാക്കുന്നത്. കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്നും ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. രണ്ടാം തരംഗത്തില്‍ വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് പടരുന്നത്. ഇതിനാല്‍ തന്നെ രോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡിനെ ആദ്യഘട്ടത്തില്‍ത്തന്നെ നിയന്ത്രണങ്ങളെ ലംഘിച്ചത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളുമാണ് എന്നും കുറ്റപ്പെടുത്തി. വിഗദ്ദരുമായി ആലോചിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നിയന്ത്രണങ്ങള്‍. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. നിയന്ത്രണമില്ലാതെ മുന്നോട്ട് പോയാല്‍ വില കൊടുക്കേണ്ടി വരിക ജനങ്ങളുടെ ജീവനാണ്. സര്‍ക്കാരിന് ദുഷ്‌പ്പേര് ഉണ്ടാകട്ടെ എന്ന് കരുതിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആരോഗ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. നിയന്ത്രണങ്ങളോടെ സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

അതേസമയം, പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പേരില്‍ ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ നിയന്തണങ്ങള്‍ അടിച്ചേല്‍പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. 500 രൂപ കൊടുത്ത് ആര്‍ടിപിസിആര്‍ എടുത്താല്‍ മാത്രമേ കേരളത്തിലെ 57 ശതമാനം ആള്‍ക്കാര്‍ കടയില്‍ പോകാന്‍ കഴിയുകയുള്ളൂ. റിവേഴ്‌സ് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട ആള്‍ക്കാര്‍ കടയില്‍ പോകുന്നതാണ് ഇപ്പോഴത്തെ സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 42.14 ശതമാനമാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ളത്. 45 വയസില്‍ താഴെ വാക്‌സിന്‍ എടുത്തവര്‍ വളരെ കുറവാണ്. 60 വയസിന് മുകളിലുള്ളവര്‍ പുറത്തിറങ്ങണമെന്നത് വിചിത്രമായ ഉത്തരവാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെയാണ് പൊലീസ് നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശനങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസ് അതിക്രമങ്ങളുടെ പറഞ്ഞാല്‍ ഒടുങ്ങാത്ത കാര്യങ്ങളുണ്ട്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. 50 കൊല്ലം മുമ്പുള്ള കുട്ടന്‍പിള്ള പോലീസിന്റെ കാലത്തേക്ക് ഈ സര്‍ക്കാര്‍ പോലീസിനെ മടക്കി കൊണ്ടുപോകുന്നു. ആളുകളെ പോലീസ് പീഡിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ജനമൈത്രി പോയി ഇന്ന് പോലീസിനെ കണ്ടാല്‍ പേടിയാവുന്ന നിലയിലെത്തിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് പുറത്തിറങ്ങാന്‍ കഴിയില്ല. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഈ സര്‍ക്കാരിന് പെറ്റി സര്‍ക്കാരെന്ന് പേര് വീഴും. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പോലീസ് അതിക്രമത്തിന്റെ രേഖകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും പ്രതിപക്ഷനേതാവ് സഭയില്‍ വ്യക്തമാക്കി.

Next Story