Top

കേരള ബാങ്ക് എടിഎം തട്ടിപ്പ്: ആസൂത്രണം 'റോബിന്‍ഹുഡ്' മാതൃകയില്‍, നിർണ്ണായക മൊഴി പുറത്ത്

ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയില്‍ നിന്ന് സൂത്രധാരന്‍ രഹസ്യ പാസവേര്‍ഡുകള്‍ അടക്കം ചോര്‍ത്തിയിട്ടുണ്ടാകാമെന്നാണ് സൂചന.

13 Aug 2021 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള ബാങ്ക് എടിഎം തട്ടിപ്പ്: ആസൂത്രണം റോബിന്‍ഹുഡ് മാതൃകയില്‍, നിർണ്ണായക മൊഴി പുറത്ത്
X

തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎം തട്ടിപ്പിന് പിന്നില്‍ ഡല്‍ഹി സ്വദേശികളായ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരാണെന്ന് പ്രതികളുടെ മൊഴി. കേസില്‍ മുന്‍പ് പിടിയിലായ കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സമദാനി, മുഹമ്മദ് നജീബ്, ന്യൂമാന്‍ അഹമ്മദ് എന്നിവരില്‍ നിന്നാണ് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

തട്ടിപ്പിന്റെ സൂത്രധാരന്‍ ഡല്‍ഹി സ്വദേശിയായ സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനാണെന്ന് ന്യൂമാന്‍ അഹമ്മദ് മൊഴി നല്‍കി. തട്ടിപ്പിന് ഉപയോഗിച്ച വ്യാജ എടിഎം കാര്‍ഡുകള്‍ നിർമ്മിച്ച് നല്‍കിയതും ഇയാള്‍ തന്നെയാണെന്നാണ് മൊഴി. ഇതിനുപുറമെ കേരള ബാങ്കിന്റെ എടിഎം സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാനുള്ള സാധ്യതയും പൊലീസിന്റെ മുന്നിലുണ്ട്.

ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എടിഎം കാര്‍ഡുപയോഗിച്ചായിരുന്നു തട്ടിപ്പ്. കേരള ബാങ്ക് എടിഎമുകളില്‍ നിന്ന് പാസ്വേര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം കുറയുന്നതിന് പകരം നേരിട്ട് കേരള ബാങ്കില്‍ നിന്ന് പണം ചോരുന്നതായിരുന്നു രീതി. ഇക്കാരണത്താല്‍ തന്നെ ഉപഭോക്താക്കള്‍ ചോർത്തല്‍ അറിഞ്ഞിരുന്നില്ല.

കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിഎമ്മുകളില്‍ നിന്നും ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കേരള ബാങ്കിന്റെ വിവിധ എടിഎമ്മില്‍ നിന്ന് സംഘം തട്ടിയത്.

ഈ രീതിയിലുള്ള തട്ടിപ്പിനായി ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ കമ്പനിയില്‍ നിന്ന് സൂത്രധാരന്‍ രഹസ്യ പാസവേര്‍ഡുകള്‍ അടക്കം ചോര്‍ത്തിയിട്ടുണ്ടാകാമെന്നാണ് സൂചന. നേരത്തെ അന്വേഷണത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ പിഴവ് മുതലെടുത്തായിരിക്കാം തട്ടിപ്പ് നടന്നതെന്ന് സൂചനയുണ്ടായിരുന്നു. ഇതോടെ തട്ടിപ്പില്‍ അന്തർസംസ്ഥാന ഹെെടെക് സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന സൂചന ശക്തിപ്പെടുകയാണ്. അതേസമയം 2019 മുതല്‍ ഇവിഎം എടിഎം മെഷീനുകള്‍ ഉപയോഗിക്കണമെന്ന ആര്‍ബിഐയുടെ നിര്‍ദ്ദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായെന്നാണ് നിഗമനം.

വ്യാജ എടിഎം കാര്‍ഡുകളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ ന്യൂമാന്‍ അഹമ്മദ് അടക്കം നിലവില്‍ മൂന്ന് പ്രതികളും സൈബര്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

Next Story