Top

'അച്ചടക്ക നടപടി വണ്‍വേ ട്രാഫിക്ക് ആവരുത്'; ചെന്നിത്തലയെ പ്രശംസിച്ചും കെസി ജോസഫ്

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ ഉത്തരം മുട്ടിക്കുന്ന പ്രതിരോധം രമേശ് ചെന്നിത്തല സൃഷ്ടിച്ചെങ്കിലും മെയ് രണ്ട് കഴിഞ്ഞതോടെ അദ്ദേഹം മോശക്കാരനായി മാറിയെന്ന് കെസി ജോസഫ്

3 Sep 2021 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ചടക്ക നടപടി വണ്‍വേ ട്രാഫിക്ക് ആവരുത്; ചെന്നിത്തലയെ പ്രശംസിച്ചും കെസി ജോസഫ്
X

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി ജോസഫ്. മുന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു കെസി ജോസഫിന്റെ വിമര്‍ശനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ ഉത്തരം മുട്ടിക്കുന്ന പ്രതിരോധം രമേശ് ചെന്നിത്തല സൃഷ്ടിച്ചെങ്കിലും മെയ് രണ്ട് കഴിഞ്ഞതോടെ അദ്ദേഹം മോശക്കാരനായി മാറിയെന്ന് കെസി ജോസഫ് അഭിപ്രായപ്പെട്ടു.

'കൊവിഡിന്റെ രണ്ട് വര്‍ഷക്കാലം ഈ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ നേതാവായിരുന്നു രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ ഓരോന്നായി ഉന്നയിച്ച് ഉത്തരം പറയാന്‍ പറ്റാത്ത തരത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ ചെന്നിത്തല മെയ് 2 കഴിഞ്ഞപ്പോള്‍ എല്ലാ പരാജയത്തിന്റേയും ഉത്തരവാദിയാവുന്ന ദയനീയ കാഴ്ച്ചയാണ് കേരളത്തില്‍ കണ്ടത്.' കെസി ജോസഫ് പറഞ്ഞു.
ഡിസിസി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനം ഉയര്‍ത്തിയ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചതിനേയും കെസി ജോസഫ് വിമര്‍ശിച്ചു. നടപടികള്‍ വണ്‍വേ ട്രാഫിക്കാവാന്‍ പാടില്ലെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കെതിരെ നേതൃത്വം നടപടിയെടുക്കാത്തത് ശശിയല്ലെന്നും കെസി ജോസഫ് കൂട്ടിചേര്‍ത്തു.
'ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വേണമെങ്കില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കട്ടെയെന്ന് നേതാവ് പറഞ്ഞു. നമ്മളെല്ലാം കേട്ടില്ലേ. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ഇവിടെ ആരെങ്കിലും വളര്‍ന്നിട്ടുണ്ടോ. അങ്ങനെ വിമര്‍ശനം വന്നിട്ടും ഒരു വിശദീകരണം പോലും ഉണ്ടായില്ല. അച്ചടക്കം ഒരിക്കലും വണ്‍വേ ട്രാഫിക്കാവാന്‍ പാടില്ല.' എന്നായിരുന്നു കെസി ജോസഫിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. അച്ചടക്കത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരുന്നെങ്കില്‍ പലരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലായിരുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടേയും തന്റേയും കാലത്ത് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നെന്നും ദാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Next Story