Top

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി

ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

13 Sep 2021 9:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഹര്‍ജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ നിലയിലാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഏകദേശം നൂറുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് മുന്‍ ഭരണ സമിതി അംഗങ്ങളെ ഇന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സിപിഐഎം പ്രാദേശിക നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ കെ ദിവാകരന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ദിവാകരന് പുറമെ ഭരണ സമിതി അംഗങ്ങളായിരുന്ന ടിഎസ് ബൈജു, വി.കെ. ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ബാങ്കിലെ മുന്‍ ജീവനക്കാരാണ് മറ്റ് പ്രതികള്‍. പ്രതി പട്ടികയില്‍ ഉള്ള കിരണ്‍ ഇപ്പോഴും ഒളിവിലാണ്. 13 അംഗ ഭരണ സമിതി അംഗങ്ങളില്‍ മറ്റ് ഒന്‍പത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. സിപിഐഎം പ്രാദേശിക നേതാക്കളായ മുന്‍ ഭരണ സമിതി അംഗങ്ങളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈം ബ്രാഞ്ചിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കേസില്‍ ഇന്ന് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Next Story