'യാത്ര പോയതാണ്'; കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ സമരംചെയ്ത മുൻ സിപിഎം നേതാവ് തിരിച്ചെത്തി
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്.
20 Sep 2021 1:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാണാനില്ലെന്ന് പരാതി ഉയര്‍ന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന മുന്‍ സിപിഎം നേതാവ് വീട്ടില്‍ തിരിച്ചെത്തി. സിപിഐഎം മുന്‍ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ് കണ്ണാട്ടാണ് രണ്ട് ദിവസം നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് തിരിച്ചെത്തിയത്. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്. സുജേഷിന്റെ തിരോധാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
സുജേഷിനെ കാണാനില്ലെന്ന കാട്ടി സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ സുജേഷ് മടങ്ങിയെത്തിയത്. യാത്ര പോയതാണെന്നാണ് തിരോധാനത്തിന് സുജേഷ് നല്കുന്ന വിശദീകരണം. സംഭവത്തില്‍ കേസെടുത്തതിനാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജറാക്കും.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പില്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം വഹിക്കുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളുമായി സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്. സിപിഎം ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം ശക്തമായ രീതിയില്‍ പരാമര്‍ശം നടത്തതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന നിലയുണ്ടാവുകയും രണ്ട് മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ബാങ്കില്‍ നിന്ന് 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ സുജേഷ് പുറത്തു വിട്ടുകയും ചെയ്തിരുന്നു. ബാങ്കില്‍ നിന്നും വായ്പ എടുത്തവര്‍ക്കും നിക്ഷേപം നടത്തിയവര്‍ക്കും നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി തനിച്ച് പ്രതിഷേധം ഉയര്‍ത്തിയും സുജേഷ് കണ്ണാട്ട് ശ്രദ്ധേയനായിരുന്നു.