കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ലുക്ക് ഔട്ട് നോട്ടീസുമായി നാട്ടുകാര്‍, പ്രതികള്‍ നാടുവിട്ടിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്
മുഖ്യപ്രതി സുനില്‍ കുമാര്‍, ബിജുകരീം, സി കെ ജില്‍സ്, റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവര്‍ക്കെതിരെയാണ് നാട്ടുകാരുടെ ലുക്ഔട്ട് നോട്ടീസ്
5 Aug 2021 2:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്. സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ പ്രചരിക്കുകയാണ്.
മുഖ്യപ്രതി സുനില്‍ കുമാര്‍, ബിജുകരീം, സി കെ ജില്‍സ്, റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവര്‍ക്കെതിരെയാണ് നാട്ടുകാരുടെ ലുക്ഔട്ട് നോട്ടീസ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പറയുന്നതല്ലാതെ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അതേസമയം, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ എമിഗ്രേഷന്‍ വകുപ്പിനോട് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികളെ തടയാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കുന്നതിനാണ് സര്‍ക്കുലര്‍. അതേസമയം, പ്രതികള്‍ നാടു വിട്ടു പോയിട്ടില്ലെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ നടപടിക്രമങ്ങളിലാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകള്‍ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കണമെന്നും ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ എത്തിയ അന്വേഷണ സംഘം ബാങ്കിന്റെ 2014 മുതല്‍ ഉള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധനക്കായി കൊണ്ടു പോയി. പ്രതികളുടെ നിയമന ഉത്തരവുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Next Story