Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തട്ടിപ്പില്‍ പങ്കുള്ള വിരമിച്ച ഉദ്യേഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും

11 Aug 2021 1:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി. ഓഡിറ്റ് വിഭാഗത്തിലെ 16 ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉന്നതതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പില്‍ പങ്കുള്ള വിരമിച്ച ഉദ്യേഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് തീരുമാനം. 2011 മുതലുള്ള ബാങ്കിന്റെ ഇടപാടുകള്‍ അന്വേഷിക്കാനും തീരുമാനമുണ്ട്.

അതേസമയം, കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് സി.കെ ജില്‍സ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

കേസിലെ ഒന്നാംപ്രതി സുനില്‍ കുമാറിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടും മൂന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കസ്റ്റഡിയിലാത്. ബാങ്കില്‍ നിന്നും തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആരംഭിച്ച ബിസിനസുകള്‍ നഷ്ടത്തിലാവുകയായിരുന്നു. തുടര്‍ന്ന് ബിസിനസ്സ് വിപുലികരിക്കാനായി തൃശൂരിലെ വന്‍കിട പലിശക്കാരില്‍ നിന്ന് വായ്പ എടുത്തതായി പ്രതികള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

വായ്പയുടെ പലിശയായി 14 കോടി രൂപ അടച്ചു. ഇതിനുള്ള 14 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പ എടുത്തതായും പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ബിജു കരീം, ജില്‍സ്, റെജി അനില്‍ കുമാര്‍ എന്നീ പ്രതികളുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. നടന്നത് വന്‍ ക്രമകേടെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്ത പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ച് അപേക്ഷ തള്ളുകയായിരുന്നു.

Next Story