Top

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

13 Sep 2021 5:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റ് നടപടികളിലേക്ക് തിരിഞ്ഞ് ക്രൈം ബ്രാഞ്ച്. തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് മുന്‍ ഭരണ സമിതി അംഗങ്ങളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തുത്. സിപിഐഎം പ്രാദേശിക നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ കെ ദിവാകരന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ദിവാകരന് പുറമെ ഭരണ സമിതി അംഗങ്ങളായിരുന്ന ടിഎസ് ബൈജു, വി.കെ. ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരാണ് അറസ്റ്റിലായത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ബാങ്കിലെ മുന്‍ ജീവനക്കാരാണ് മറ്റ് പ്രതികള്‍. പ്രതി പട്ടികയില്‍ ഉള്ള കിരണ്‍ ഇപ്പോഴും ഒളിവിലാണ്. 13 അംഗ ഭരണ സമിതി അംഗങ്ങളില്‍ മറ്റ് ഒന്‍പത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

സിപിഐഎം പ്രാദേശിക നേതാക്കളായ മുന്‍ ഭരണ സമിതി അംഗങ്ങളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈം ബ്രാഞ്ചിന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. തട്ടിപ്പിന്റെ ഉത്തരവാദിത്തം ജീവനക്കാരിലേക്ക് കേന്ദ്രീകരിക്കാനാണ് ഭരണ സമിതിയിലുണ്ടായിരുന്നവര്‍ നീക്കം നടത്തിയിരുന്നത്. എന്നാല്‍ വായ്പ തട്ടിപ്പുകള്‍ക്ക് കുടപിടിച്ചത് ഭരണ സമിതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നേരത്തെ അറസ്റ്റിലായ ജീവനക്കാരും ഭരണ സമിതിയുടെ പങ്കിനെ കുറിച്ച് മൊഴി നല്‍കിയതോടെയാണ് മുന്‍ ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളെ സംരക്ഷിക്കുന്നതില്‍ പ്രദേശത്ത് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്തായാലും ഭരണ സമിതി അംഗങ്ങളുടെ അറസ്റ്റിലേക്ക് എത്തിയതോടെ സിപിഐഎം ജില്ലാ നേതൃനിരയിലെ ചിലരുടെ പങ്ക് കൂടി പുറത്ത് വരുമെന്നാണ് സൂചന.

Next Story