Top

വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കർണാടക; മുഖ്യമന്ത്രിക്ക് പരാതി

വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ചിരിക്കുന്നത്.

3 Sep 2021 9:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കർണാടക; മുഖ്യമന്ത്രിക്ക് പരാതി
X

വയനാട് മാനന്തവാടി സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക. കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന രണ്ട് മലയാളി കര്‍ഷകരുടെ ദേഹത്താണ് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞദിവസം സീല്‍ പതിപ്പിച്ചത്. ബാവലി ചെക് പോസ്റ്റില്‍ വെച്ചായിരുന്നു സംഭവം.

അതിര്‍ത്തി കടന്നെത്തുന്നവർക്ക് കർണാടക സർക്കാർ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തന്നതിന്റെ ഭാഗമായാണ് ചാപ്പയടിയെന്നാണ് വിശദീകരണം. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ചിരിക്കുന്നത്.

മനുഷ്യ ശരീരത്തില്‍ ചാപ്പയടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ നിരവധി കർഷകർ കാർഷിക ആവശ്യങ്ങള്‍ക്കായി ദിനം പ്രതി അതിർത്തി കടന്ന് കർണാടകയിലേക്ക് പോകുന്നത്. ഈ സാഹചര്യത്തിലാണ് കർണ്ണാടകയുടെ നടപടി വിവാദമാകുന്നത്. നേരത്തെ കൊവിഡ് ഒന്നാം ഘട്ടത്തിൽ കർണാടക അതിർത്തിയിൽ മണ്ണിട്ടടച്ച് യാത്ര തടയുകയും ഇത് ചികിത്സ ലഭിക്കാതെ കേരളത്തില്‍ നിന്നുള്ള രോഗികള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടാക്കിയതും വിമർശിക്കപ്പെട്ടിരുന്നു.

Next Story