Top

മുഖ്യമന്ത്രിയുടെ ഇടപെടല്‍; കർഷകരുടെ ദേഹത്ത് ചാപ്പ കുത്തുന്നത് നിർത്തിവെച്ച് കർണാടക

അതേസമയം അതിര്‍ത്തി കടക്കുന്നവര്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

3 Sep 2021 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ ഇടപെടല്‍; കർഷകരുടെ ദേഹത്ത് ചാപ്പ കുത്തുന്നത് നിർത്തിവെച്ച് കർണാടക
X

ബാവലി ചെക്ക് പോസ്റ്റിലെ ചാപ്പ കുത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള. ചാപ്പ കുത്തല്‍ നിര്‍ത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൈസുര്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയതായി അദീല അബ്ദുള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടര്‍ മൈസൂര്‍ ഡപ്യൂട്ടി കമ്മീഷ്ണറെ കാര്യങ്ങള്‍ ധരിപ്പിച്ചത്. അതേസമയം അതിര്‍ത്തി കടക്കുന്നവര്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന വയനാട് മാനന്തവാടി സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തിയ കര്‍ണാടകയുടെ നടപടി വിവാദമായതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത്. ബാവലി ചെക് പോസ്റ്റില്‍ വെച്ചായിരുന്നു സംഭവം. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തന്നതിന്റെ ഭാഗമായാണ് ചാപ്പയടിയെന്നാണ് വിശദീകരണം. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളില്‍ സീല്‍ പതിപ്പിച്ചത്.

മനുഷ്യ ശരീരത്തില്‍ ചാപ്പയടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ നടപടിയുണ്ടായത്.

വയനാട്ടിലെ നിരവധി കര്‍ഷകര്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ദിനം പ്രതി അതിര്‍ത്തി കടന്ന് കര്‍ണാടകയിലേക്ക് പോകുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ണ്ണാടകയുടെ നടപടി വിവാദമാകുന്നത്. നേരത്തെ കൊവിഡ് ഒന്നാം ഘട്ടത്തില്‍ കര്‍ണാടക അതിര്‍ത്തിയില്‍ മണ്ണിട്ടടച്ച് യാത്ര തടയുകയും ഇത് ചികിത്സ ലഭിക്കാതെ കേരളത്തില്‍ നിന്നുള്ള രോഗികള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടാക്കിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

Next Story

Popular Stories