Top

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റിന് കസ്റ്റംസിന് അനുമതി; കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പെടെ പിടിയിലാവും

20 Aug 2021 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റിന് കസ്റ്റംസിന് അനുമതി; കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പെടെ പിടിയിലാവും
X

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റിന് കസ്റ്റംസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സ്വര്‍ണക്കടത്തില്‍ കുപ്രസിദ്ധമായ കൊടുവള്ളി സംഘത്തലവന്‍ സൂഫിയാന്‍ അടക്കം 17 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കും. നിലവില്‍ ജയിലില്‍ കഴിയുന്ന ഇവരെ അവിടെയെത്തി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടെന്ന് വിലയിരുത്തുന്ന രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും സൂഫിയാന്‍ ഉള്‍പ്പെടെയുള്ള കൊടുവള്ളി സംഘത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആദ്യമാണ് കൊണ്ടോട്ടി പൊലീസ് സൂഫിയാനെ അറസ്റ്റ് ചെയ്തത്. നിരവധി സ്വര്‍ണ കള്ളക്കടത്തുകേസുകലില്‍ ഇയാള്‍ പ്രതിയാണ്. സുഫിയാനെതിരെ നേരത്തെ കോഫെപോസയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസുകളുണ്ട്. തിരുവനന്തപുരം, പരപ്പന അഗ്രഹാര ജയിലുകളില്‍ വിവിധ കേസുകളില്‍ പ്രതിയായി കഴിഞ്ഞിട്ടുമുണ്ട്

സൂഫിയാന്റെ സഹോദരന്‍ ഫിജാസിനെയും പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയും ഇപ്പോള്‍ ജയിലിലാണ്. കേസില്‍ ഇതുവരെ 31 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 15ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 13 ന് കേസുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. കൊടിയത്തൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എല്ലേങ്ങല്‍ അലി ഉബൈറാന്‍ (24), എല്ലേങ്ങല്‍ ഉബൈദ് അക്തര്‍ (19), പരപ്പന്‍പോയില്‍ സ്വദേശി കുന്നുമ്മല്‍ ഗസ്‌വാന്‍ ഇബിന്‍ റഷീദ് (20), മുക്കം പുതിയോട്ടില്‍ അര്‍ഷാദ് (24) എന്നിവരെയാണ് മുക്കം, താമരശ്ശേരി, അടിവാരം എന്നിവിടങ്ങളില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ച അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ച കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിന് സൗകര്യം ഒരുക്കിയതിനും കേസിലുള്‍പ്പെട്ട വാഹനം ഒളിപ്പിച്ചതിനുമാണ് അലി ഉബൈറാനെ പിടികൂടിയത്.

Next Story