Top

'രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം'; പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്ന് കണ്ണൂര്‍ വിസി

യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതി

10 Sep 2021 2:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കണം; പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്ന് കണ്ണൂര്‍ വിസി
X

പിജി സിലബസില്‍ വിഡി സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കഴമ്പില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രതിഷേധം ഭയന്ന് പിന്നോട്ടില്ല, സിലബസ് പിന്‍വലിക്കില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടതുണ്ട്. സവര്‍ക്കറും, എംഎസ് ഗോള്‍വാര്‍ക്കറും അടിത്തറയിട്ട ആശയത്തിലാണ് ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. മറ്റ് സര്‍വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം എന്നും റിപ്പോർട്ടർ ടിവിയോട് വി സി പ്രതികരിച്ചു. എക്പര്‍ട്ട് കമ്മിറ്റി തന്ന സിലബസ് താന്‍ അംഗീകരിക്കുകയായിരുന്നു. പുസ്തകത്തെ കുറിച്ച് സിലബസില്‍ വിശദീകരണം നല്‍കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.

തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്‌സ് എന്ന ഭാഗത്ത് രബീന്ദ്ര നാഥ ടാഗോര്‍, മഹാത്മാഗാന്ധി, അരബിന്ദോ, ജവഹര്‍ലാല്‍ നെഹ്രു എന്നിവര്‍ക്ക് ഒപ്പമാണ് ഹിന്ദുത്വ എന്ന പേരില്‍ വിഡി സവര്‍ക്കര്‍ ഉള്‍പെടെ വരുന്നത്. തന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ ഇത് പഠിക്കണം എന്നത് അനിവാര്യമാണ്. വിഡി സവര്‍ക്കര്‍, ഗോള്‍വാക്കര്‍ എന്നിവര്‍ എഴുതിയതാണ് ഇന്ന് ബിജെപിയുടെ അടിസ്ഥാന ആശയം. ക്രിസ്ത്യാനികളും, കമ്യൂണിസ്റ്റുകാരും ഭീഷണിയെന്ന് തുറന്ന് എഴുതിയിട്ടുണ്ട് ഗോള്‍വാര്‍ക്കര്‍. ഈ പുസ്തകങ്ങള്‍ പഠിക്കാതെ ഒരു വിദ്യാര്‍ത്ഥിക്ക് ബിജെപിയുടെ രാഷ്ട്രീയം മനസിലാക്കാന്‍ കഴിയില്ല.

പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് സവര്‍ക്കറുടെയും ഗോള്‍വാക്കറുടെയും പുസ്തകങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് ആക്ഷേപം. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Next Story