Top

'സവർക്കറുടെ പുസ്തകങ്ങൾ പഠിക്കേണ്ടതുണ്ട്, കാവിവൽക്കരണത്തിനല്ല'; വിശദീകരണവുമായി കണ്ണൂർ സർവകലാശാല വിസി

സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ള രണ്ടം​ഗ എക്സ്റ്റേണൽ കമ്മിറ്റി സിലബസ് പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി

10 Sep 2021 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സവർക്കറുടെ പുസ്തകങ്ങൾ പഠിക്കേണ്ടതുണ്ട്, കാവിവൽക്കരണത്തിനല്ല; വിശദീകരണവുമായി കണ്ണൂർ സർവകലാശാല വിസി
X

കണ്ണൂർ സർവകലാശാലയിലെ പിജി സിലബസിൽ ​എംഎസ് ​ഗോൾവാൾക്കറുടെയും വിഡി സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവൽക്കരണത്തിന്റെ ഭാ​ഗമായല്ലെന്ന് സർവകലാശാല വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇവരുടെ പുസ്തകങ്ങൾ വായിക്കേണ്ടതുണ്ടെന്നും ഇവയെ വിമർ‍ശനാത്മകമായി സമീപിക്കാനാണ് സിലബസിലൂടെ ശ്രമിച്ചതെന്നും വിസി പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ള രണ്ടം​ഗ എക്സ്റ്റേണൽ കമ്മിറ്റി സിലബസ് പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

"കണ്ണൂർ സർവകലാശാല കാവി വൽക്കരണത്തിന്റെ ഭാ​ഗമായിട്ടാണ് ഈ സിലബസ് വെച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് ആരോപണം വരുന്നത്. ഇത് പൂർണായും തെറ്റാണ്. പൊളിറ്റിക്കൽ സയൻസിൽ പിജി പഠിക്കുന്ന ഒരു കുട്ടി പഠിക്കേണ്ട പല ടെക്സറ്റുകളാണിവ. മുതിർന്ന ഒരു കുട്ടിയാണ് പിജി ക്ലാസിന് എത്തുന്നത്. ആ വിദ്യാർത്ഥി ഇന്ത്യൻ രാഷ്ട്രീയം പഠിക്കുമ്പോൾ ഈ സിലബസിലുള്ള പലരെയും കുറിച്ച് വായിക്കണം. മഹാത്മ​ഗാന്ധിയെക്കുറിച്ചും നെഹ്റുവിനെക്കുറിച്ചും രബീന്ദ്ര നാഥ് ടാ​ഗോറിനെക്കുറിച്ചും വായിക്കണം. അതിന്റെ കൂടെ തന്നെ ഹിന്ദുത്വ പ്രത്യശാസ്ത്രത്തിന്റെ ഭാ​ഗമായ ആൾക്കാരെക്കുറിച്ചും . വിഡി സവർക്കറുടെയും എംഎസ് ​ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ സിലബസിലുണ്ട്. ഈ പുസ്തകങ്ങൾ വെക്കുക മാത്രമല്ല, ഇവ മനസ്സിലാക്കാൻ വേണ്ടി സെക്കന്ററി ടെക്സ്റ്റുകൾ വെച്ചിട്ടുണ്ട്. അമർത്യസെൻ, എകെ രാമാനുജൻ ഉൾപ്പെടെയുള്ളവരുടെ പുസ്തകങ്ങളാണ് സെക്കന്ററിയായി വെച്ചത്. അതിനാൽ ഈ സിലബസ് കാവി വൽക്കരണത്തിന്റെ ഭാ​ഗമായാണ് വെച്ചതെന്ന് പറയാൻ പറ്റില്ല," വിസി പറഞ്ഞു.

ഒരധ്യാപകനെന്ന നിലയിൽ ഈ സിലബസ് കാണുമ്പോൾ ചില പോരായ്മകളും കാണാമെന്നും എന്തെന്നാൽ ഈ സിലബസിൽ കുറച്ചു കൂടി വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സറ്റേണൽ കമ്മിറ്റി ആവശ്യപ്പെട്ടാൽ സിലബസിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

"ഡൽഹി യൂണിവേഴ്സിറ്റിയിലും ജെഎൻയു യൂണിവേഴ്സിറ്റിയിലും എല്ലാം സവർക്കറുടെയുൾപ്പെടെ പുസ്തകങ്ങൾ സിലബസിന്റെ ഭാ​ഗമായി കൊടുത്തിട്ടുണ്ട്. എന്തെന്നാൽ സവർക്കറുടെയും ​ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഇന്ന് നമ്മൾ വായിച്ചില്ലെങ്കിൽ നിലവിൽ നമ്മുടെ മുന്നിലുള്ള രാഷ്ടട്രീയം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ഇവ വായിച്ച് വിമർശനാത്മകമായി മനസ്സിലാക്കേണ്ട ശ്രമമാണ് ഈ സിലബസ് വഴി നടത്തേണ്ടത്", വിസി പറഞ്ഞു.

Next Story