Top

'ഇഷ്ടമുളള കാര്യങ്ങള്‍ മാത്രം വായിക്കാനും അറിയാനും സര്‍വകലാശാലയില്‍ പോവേണ്ടതില്ല'; സിലബസ് വിവാദത്തില്‍ ശശി തരൂര്‍

12 Sep 2021 8:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഷ്ടമുളള കാര്യങ്ങള്‍ മാത്രം വായിക്കാനും അറിയാനും സര്‍വകലാശാലയില്‍ പോവേണ്ടതില്ല; സിലബസ് വിവാദത്തില്‍ ശശി തരൂര്‍
X

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. വിദ്യാര്‍ഥികള്‍ എല്ലാ പുസ്തകങ്ങളും വായിക്കണം എല്ലാ അഭിപ്രായങ്ങളും അറിയണം. വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും സിലബസില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ഇഷ്ടമുളള കാര്യങ്ങള്‍ മാത്രം വായിക്കാനും അറിയാനും സര്‍വകലാശാലയില്‍ പോവേണ്ടതില്ല എന്നും തരൂര്‍ പറഞ്ഞു.

സിലബസില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് യാഥാര്‍ഥ്യമാണെന്ന് വിദ്യാര്‍ഥികള്‍ വിശ്വാസിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരത്തിലുളള സാഹചര്യം ഇല്ലാതാക്കാന്‍ ഉത്തരവാദിത്തമുണ്ട്.

പല ആശയങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യേണ്ട ഇടമാണ് സര്‍വകലാശാലകള്‍. അങ്ങനെ വരുമ്പോള്‍ ഒരു പുസ്തകം ഒരു സര്‍വകലാശാലയില്‍ ഉണ്ടാകരുതെന്ന് പറയാന്‍ സാധിക്കില്ല. ഗോള്‍വാര്‍ക്കറുടേയും സവര്‍ക്കറുടേയും പുസ്തകം മാത്രമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. എന്നാല്‍ ഒരുപാട് പുസ്തകങ്ങള്‍ക്കിടയില്‍ ഈ പുസ്തകങ്ങളും ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് എല്ലാം വായിക്കാനും എല്ലാം ചര്‍ച്ച ചെയ്യാനും അവസരമുണ്ട് അതില്‍ തെറ്റില്ലെന്ന് തരൂര്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയുടെ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.

Next Story