Top

സംഘടിച്ചെത്തിയ യുട്യൂബേഴ്‌സിനെതിരെയും കേസ്, അറസ്റ്റ്; 'വാഹനം തത്കാലം വിട്ടുകൊടുക്കില്ല'; ആരെയും മര്‍ദിച്ചിട്ടില്ലെന്നും പൊലീസ്

പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്.

9 Aug 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘടിച്ചെത്തിയ യുട്യൂബേഴ്‌സിനെതിരെയും കേസ്, അറസ്റ്റ്; വാഹനം തത്കാലം വിട്ടുകൊടുക്കില്ല; ആരെയും മര്‍ദിച്ചിട്ടില്ലെന്നും പൊലീസ്
X

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയ വ്‌ളോഗര്‍മാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ പിന്തുണച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘടിച്ച ആള്‍ക്കാരെയും അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ''രാവിലെ 11 മണിക്ക് ആര്‍ടി ഓഫീസിലെ സംഘര്‍ഷത്തെത്തുടര്‍ന്നാണ് അവര്‍ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു നടപടി. വണ്ടി നിയമവിരുദ്ധ ആള്‍ട്ടറേഷന്‍ ചെയ്തതിന് ഫൈന്‍ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫൈന്‍ അടയ്ക്കാന്‍ പറ്റില്ലെന്ന് യുട്യൂബേഴ്‌സ് പറഞ്ഞപ്പോള്‍ തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് പൊലീസിനെ വിളിച്ചത്. അവരെ പൊലീസ് മര്‍ദിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ല. ഇവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ യുട്യൂബേഴ്‌സ് എന്ന് പറഞ്ഞ് കുറെ പേര്‍ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ട് അവരില്‍ പലരെയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെയും കേസെടുക്കും. അവരുടെ വണ്ടി ആര്‍ടിഒ രേഖമൂലം ഞങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് കോടതിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യും.''

ഇന്നാണ് എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞത്: ''അവരുടെ ടാക്‌സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആള്‍ട്ടറേഷനാണ് വാഹനത്തില്‍ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡില്‍ ഇറങ്ങിയാല്‍ മറ്റുള്ളവര്‍ക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവര്‍ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഓഫീസില്‍ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോര്‍ട്ട് അന്തിമമല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. ഇവിടെ വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നിയമം അറിയാത്തത് കൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവര്‍ നടത്തിയത്. നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാന്‍ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്‌നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡില്‍ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആള്‍ക്കാരെ വിളിച്ച് കൂട്ടി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഓഫീസിന്റെ പ്രവര്‍ത്തനം മൊത്തം അവര്‍ തടസപ്പെടുത്തി. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.''

Next Story