Top

'കലാപാഹ്വാനം നടത്തിയാല്‍ കുട്ടികളായാലും നടപടിയെടുക്കും'; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍

10 Aug 2021 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലാപാഹ്വാനം നടത്തിയാല്‍ കുട്ടികളായാലും നടപടിയെടുക്കും; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍
X

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലൊരു ഇടപെടല്‍ ഉണ്ടാകുന്നതെങ്കില്‍ പോലും അവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി എടുക്കുമെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി.

'ആര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് പ്രകടിപ്പിക്കുകയും ചെയ്യാം. എന്നാല്‍ അത് കാലാപാഹ്വാനത്തിലേക്കോ, അസഭ്യത്തിലേക്കോ, ഭീഷണിയിലേക്കോ മാറാന്‍ പാടില്ല. നിങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ അതില്‍ നിലപാട് വ്യക്തമാക്കാം. പരാതികളുണ്ടെങ്കില്‍ പൊലിസില്‍ അറിയിക്കാം. മോട്ടോര്‍ വാഹന വകുപ്പിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ മേല്‍ ഉദ്യാഗസ്ഥരുമായും ബന്ധപ്പെടാം.'

അതേസമയം ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി. ആംബുലന്‍സ് സൈറണ്‍ മുഴക്കി വാഹനം ഓടിച്ചത് ബീഹാറിലാണെങ്കിലും അതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും. ഇവരുടെ വീഡിയോകള്‍ പരിശോധിച്ച ശേഷം നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടിയെടുക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. മാത്രമല്ല, വാഹനത്തില്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും പരിശോധിക്കുമെന്ന് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി ഇവരോട് പൊലീസിന് വിരോധമില്ലെന്നും കമ്മിഷ്ണര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ബുള്‍ ജെറ്റ് ബ്രദേഴ്സ് എന്ന പേരിലറിയപ്പെടുന്ന ലിബിനെയും എബിനെയും കണ്ണൂര്‍ മുന്‍സിഫ് കോടതി റിമാന്റ് ചെയ്തത്. ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി. ഇരുവരും ഫോളോവേഴ്സിനൊപ്പം ആര്‍ടി ഓഫിസിലെത്തി സംഘര്‍ഷം സൃഷ്ടിച്ചതോടെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.

Next Story