Top

മുന്നണിയില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്ക് അറിയാത്തവര്‍; ജോസ് കെ മാണിയോട് ബഹുമാനമെന്നും കാനം

രണ്ടാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ല

15 Sep 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്നണിയില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്ക് അറിയാത്തവര്‍; ജോസ് കെ മാണിയോട് ബഹുമാനമെന്നും കാനം
X

കേരള കോണ്‍ഗ്രസ് എമ്മിന് പരിഗണന മാത്രമല്ല, ബഹുമാനവും നല്‍കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്ക് അറിയാത്തവരാണെന്നും സിപിഐയിലേക്ക് ആളുകള്‍ വന്നു കൂടായ്കയില്ലെന്നും കാനം പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് ആദ്യമല്ല. ജോസ് കെ മാണിയോട് ബഹുമാനമാണുള്ളത്.രണ്ടാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേരളാ കോണ്‍ഗ്രസിന് മറുപടിയായി കാനം വ്യക്തമാക്കി.

കെട്ടുറപ്പുള്ള മുന്നണിയെന്ന ഇടതുമുന്നണിയുടെ അവകാശവാദത്തിന് വെല്ലുവിളി ആവുകയാണ് സിപിഐയും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഭിന്നത. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ ആദ്യഘട്ടം മുതല്‍ എതിര്‍ത്ത സിപിഐ, സിപിഐഎം നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് വഴങ്ങിയത്. പിന്നീട് ഒരു തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചിട്ടും കേരളാ കോണ്‍ഗ്രസിനെ അംഗീകരിക്കാത്ത സിപിഐ സമീപനമാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. ഇതു വരെ സിപിഐയെ വിമര്‍ശിക്കാന്‍ തയാറാകാതിരുന്ന കേരളാ കോണ്‍ഗ്രസ് നിലപാട് മാറ്റി തുടങ്ങി. ജോസ് കെ മാണിക്ക് ജനകീയത ഇല്ലെന്ന സിപിഐ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോടെ കേരളാ കോണ്‍ഗ്രസും മൗനം വെടിഞ്ഞത്. കേരളാ കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള അകലമാണ് സിപിഐ ഇപ്പോഴും കാട്ടുന്നതെന്നാണ് കേരള കോണ്‍ഗ്രസ് ഹൈപ്പവര്‍ കമ്മറ്റിയുടെ നിലപാട്.

അതേ സമയം, കേരള കോണ്‍ഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലുറച്ച് നില്‍ക്കുകയാണ് സിപിഐ. പാര്‍ട്ടി ചര്‍ച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നും കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും സിപിഐ വ്യക്തമാക്കി. അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വകാര്യ സ്വത്താണെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Popular

    Next Story