Top

'പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുണ്ട്, അച്ചടക്കം പാലിക്കാറുണ്ട്'; ഡി രാജയ്ക്ക് കാനത്തിന്റെ മറുപടി

ഡി രാജയ്ക്ക് മറുപടി നല്‍കികൊണ്ടായിരുന്നു കാനത്തിന്റെ പ്രതികരണം

5 Oct 2021 1:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുണ്ട്, അച്ചടക്കം പാലിക്കാറുണ്ട്; ഡി രാജയ്ക്ക് കാനത്തിന്റെ മറുപടി
X

സിപിഐ ദേശീയ നേതൃത്വത്തിന് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അച്ചടക്കം പാലിക്കാറുണ്ടെന്നും പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുള്ളതിനാല്‍ അച്ചടക്കത്തേക്കുറിച്ചും അറിയാമെന്നും കാനം പറഞ്ഞു. ദേശീയ നേതാക്കള്‍ പൊതു വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന നിലപാട് തനിക്കില്ലെന്നും സാധാരണ രാഷ്ട്രീയ വിഷയങ്ങളില്‍ ദേശീയനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ കൂടിയാലോചന നടത്താറുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഡി രാജയ്ക്ക് മറുപടി നല്‍കികൊണ്ടായിരുന്നു കാനത്തിന്റെ പ്രതികരണം. സിപിഐ ദേശീയ നിര്‍വാഹക സമിതി ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് അംഗീകരിക്കില്ലെന്നും പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നുമായിരുന്നു രാജ പറഞ്ഞത്. നിര്‍വാഹക സമിതി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് വിഷയങ്ങളിലും അഭിപ്രായം പറയാന്‍ സിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ആനി രാജയ്ക്ക് പിന്തുണ നല്‍കി രാജ പറഞ്ഞു. പാര്‍ട്ടിയാണ് വലുതെന്നും ആരും പാര്‍ട്ടിക്ക് മുകളിലല്ലെന്നും പാര്‍ട്ടിയുടെ അച്ചടക്കത്തെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാകണമെന്നുമാണ് രാജ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

നേരത്തെ സംസ്ഥാന പൊലീസിനെ വിമര്‍ശിച്ചുകൊണ്ട് ദേശീയ എക്സിക്യൂട്ടിവ് അംഗമായ ആനി രാജ രംഗത്തെത്തിയതോടെയാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നത്. ഈ വിമര്‍ശനം സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് വേണമെന്നായിരുന്നു കാനത്തിന്റെ നിലപാട്. എന്നാല്‍ രാജ ഇത് പരസ്യമായി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡി രാജയ്‌ക്കെതിരെ കാനം പരസ്യമായി രംഗത്തെത്തിയത്.

Next Story