Top

'ഇത് യുപിയല്ല, ഡി രാജയ്ക്ക് കേരളത്തെ കുറിച്ച് അറിയില്ല'; തെറ്റുണ്ടെങ്കില്‍ ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിക്കാമെന്ന് കാനം

സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ വിമർശനം ഉന്നയിക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങള്‍ അറിയണം

11 Sep 2021 11:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് യുപിയല്ല, ഡി രാജയ്ക്ക് കേരളത്തെ കുറിച്ച് അറിയില്ല; തെറ്റുണ്ടെങ്കില്‍ ജനറല്‍ സെക്രട്ടറിയെയും വിമര്‍ശിക്കാമെന്ന് കാനം
X

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരെ സംസ്ഥാന കൗണ്‍സിലില്‍ ഉയർന്ന വിമര്‍ശനം വാർത്താസമ്മേളനത്തില്‍ ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുപിയല്ല കേരളം. യുപിയിലെ പൊലീസ് അല്ല കേരളത്തിലേത്. ഡി രാജയ്ക്ക് അതറിയില്ല. പാർട്ടി ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും തെറ്റുണ്ടെങ്കില്‍ വിമർശിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ വിമർശനം ഉന്നയിക്കുമ്പോള്‍ സംസ്ഥാന ഘടകങ്ങള്‍ അറിവോ സമ്മതമോ ഉണ്ടായിരിക്കണം. അത് നേരത്തെ തന്നെ ഉണ്ടായിരുന്ന തീരുമാനമാണ്. ഇത് ആനി രാജ ലംഘിച്ചതു സംബന്ധിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. സംസ്ഥാനകൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കുമെന്നും കാനം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റം യുഡിഎഫിനെ ക്ഷയിപ്പിച്ചു എന്നത് വസ്തുതയാണെങ്കിലും എല്‍ഡിഎഫില്‍ കാര്യമായ വോട്ട് വർദ്ധനവ് അതുകൊണ്ട് ഉണ്ടായില്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് ലഭിച്ച പിന്തുണ മാത്രമാണ് വോട്ട് ഷെയറില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗത്തെ വിമര്‍ശിച്ച കെ കെ ശിവരാമനെ പരസ്യമായി സിപിഐ താക്കീത് ചെയ്തു. ജനയുഗം ഗുരു നിന്ദ നടത്തിയിട്ടില്ല.ശിവരാമന്റെ പരാമര്‍ശം അസ്ഥാനത്തും, അനാവശ്യവുമായിരുന്നു.ഫോട്ടോയുടെ വലുപ്പം വെച്ചല്ല ഗുരുവിനോടുള്ള ആദരവ് പ്രകടപ്പിക്കുന്നത്. ശിവരാമന് ഗുരുഭക്തി ഉണ്ടോയെന്നറിയില്ലെന്നും കാനം പറഞ്ഞു. അതേസമയം, ജനയുഗം പരാമർശത്തിൽ വീഴ്ച സമ്മതിച്ച കെ കെ ശിവരാമൻ സംസ്ഥാന കൗൺസിലില്‍ ഖേദം പ്രകടിപ്പിച്ചു.

Next Story