Top

കളമശ്ശേരി തോക്ക് കേസ്: സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ 19 ജീവനക്കാര്‍ പിടിയില്‍, കാശ്മീര്‍ ബന്ധം അന്വേഷിക്കും

ജമ്മു-കാശ്മീരില്‍ നിന്നാണ് കമ്പനിയിലേക്ക് ലെെസന്‍സ് ഇല്ലാത്ത തോക്കുകളെത്തിയതെന്ന് കഴിഞ്ഞദിവസം സൂചന ലഭിച്ചിരുന്നു

7 Sep 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളമശ്ശേരി തോക്ക് കേസ്: സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ 19 ജീവനക്കാര്‍ പിടിയില്‍, കാശ്മീര്‍ ബന്ധം അന്വേഷിക്കും
X

എറണാകുളം കളമശ്ശേരിയില്‍ ലൈസന്‍സില്ലാത്ത തോക്ക് കൈവശം സൂക്ഷിച്ച 19 പേര്‍ അറസ്റ്റില്‍. കളമശ്ശേരിയിലെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായവര്‍. ആകെ 19 തോക്കുകളും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

കഴിഞ്ഞദിവസം ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വച്ചിരുന്ന അഞ്ച് കശ്മീരി സ്വദേശികളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബാങ്കുകളുടെ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയായിരുന്നു ഡിജിപിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് തോക്കുകളുമായി കളമശ്ശേരിയിലെ ജീവനക്കാര്‍ പിടിയിലായത്. നിലവില്‍ പിടിയിലായ 19 പേരെയും മെഡിക്കല്‍ പരിശോധനയ്ക്കായി ആലുവ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.

സൂചനയെതുടർന്ന് സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ കഴിഞ്ഞദിവസമാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം പുറപ്പെടുവിച്ചത്. എടിഎം, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്നതിനായി സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ പൊലീസ് പരിശോധിച്ച് അവയുടെ ലൈസന്‍സ് വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദേശം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യ സ്ഥാപനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. സംസ്ഥാന വ്യാപകമായി ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസന്‍സ് ഉറപ്പ് വരുത്താന്‍ പ്രത്യേക പരിശോധന നടത്താനാണ് നിര്‍ദേശം. ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കഴിഞ്ഞദിവസം അറസ്റ്റിലായ ജീവനക്കാരുടെ കമ്പനിയിലേക്ക് ജമ്മു-കാശ്മീരില്‍ നിന്നാണ് ലെെസന്‍സ് ഇല്ലാത്ത തോക്കുകളെത്തിയതെന്ന് കഴിഞ്ഞദിവസം സൂചന ലഭിച്ചിരുന്നു. ഈ വിവരത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story