Top

'ചായ കുടി അല്ല, ഉണ്ട തിന്നേണ്ട ആളാണ് ശിവന്‍കുട്ടി'; ജയിലിലാക്കുമെന്ന് ഉറപ്പിച്ച് സുരേന്ദ്രന്‍

രാജി വയ്‌ക്കേണ്ടി വരുമോയെന്ന ഭയം മുഖ്യമന്ത്രിക്ക്

3 Aug 2021 9:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചായ കുടി അല്ല, ഉണ്ട തിന്നേണ്ട ആളാണ് ശിവന്‍കുട്ടി; ജയിലിലാക്കുമെന്ന് ഉറപ്പിച്ച് സുരേന്ദ്രന്‍
X

പൂജപ്പുരയില്‍ വന്ന് ചായ കുടിക്കുന്നതിനു പകരം പൂജപ്പുര ജയിലിലെ ഉണ്ട തിന്നേണ്ട ആളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രിയെ ജയിലിലാക്കാന്‍ എല്ലാ ശ്രമവും നടത്തും. സര്‍ക്കാരിലെ ഏറ്റവും വലിയ കുറ്റവാളി മുഖ്യമന്ത്രിയാണ്. ലാവ്‌ലിന്‍ കേസില്‍ സമാന വിധി പ്രതീക്ഷിച്ചാണ് കുറ്റം ചെയ്ത മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാജി വയ്‌ക്കേണ്ടി വരുമോയെന്ന ഭയം മുഖ്യമന്ത്രിക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. രാജേഷ് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പൂജപ്പുര വാര്‍ഡില്‍ വന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ചായയും കുടിച്ചാണ് താന്‍ മടങ്ങിയതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ്. രാജേഷിനോട് എല്‍ഡിഎഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ലെന്നും അതല്ല എല്‍ഡിഎഫിന്റെ സംസ്‌കാരമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

ശിവന്‍കുട്ടി പറഞ്ഞത്: ''തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എന്നെ നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നാണ് ബിജെപി നേതാവ് വി വി രാജേഷ് വെല്ലുവിളിച്ചത്. രാജേഷ് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിച്ചു ജയിച്ച പൂജപ്പുര വാര്‍ഡ് സ്ഥിതി ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്. എല്‍ ഡി എഫ് പൂജപ്പുര മേഖലാ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കല്‍സില്‍ പങ്കെടുക്കാന്‍ ഉള്ള മൊബൈല്‍ വിതരണം ചെയ്യുന്ന പരിപാടി പൂജപ്പുരയില്‍ ഉദ്ഘാടനം ചെയ്തു. ഒരു ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ്. വി വി രാജേഷിനോട് എല്‍ ഡി എഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ ഡി എഫിന്റെ സംസ്‌കാരം. പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്.''

രാജിവെച്ചില്ലെങ്കില്‍ നേമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു രാജേഷിന്റെ കഴിഞ്ഞദിവസത്തെ വെല്ലുവിളി. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരമാണ് ബിജെപിക്ക് തന്നോടെന്നും ശിവന്‍കുട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം വെല്ലുവിളി ജനാധിപത്യത്തിന് യോജിച്ചതല്ല. ഇതാദ്യമായാണ് ഒരു മന്ത്രിയുടെ സ്വകാര്യ വസതിക്ക് മുന്നില്‍ സമരം നടത്തുന്നതെന്നും തലസ്ഥാനത്തെ ബിജെപി സമരത്തെ ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Next Story