Top

'രാഹുലിനെ സൈബര്‍ ഗുണ്ടകളെ ഇറക്കി ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നെങ്കില്‍ തിരിച്ചടിക്കും'; സിപിഐഎമ്മിന് സുധാകരന്റെ 'ഭീഷണി'

കേരളത്തിലെ സിപിഎം എക്കാലത്തും അനുവര്‍ത്തിച്ചു പോന്നിട്ടുള്ള ശൈലിയാണ്.

9 Sep 2021 4:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിനെ സൈബര്‍ ഗുണ്ടകളെ ഇറക്കി ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നെങ്കില്‍ തിരിച്ചടിക്കും; സിപിഐഎമ്മിന് സുധാകരന്റെ ഭീഷണി
X

കോണ്‍ഗ്രസ് യുവനിര നേതാക്കളെ സൈബര്‍ ഗുണ്ടകളെ ഇറക്കി വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കികളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ തിരിച്ചടിക്കാന്‍ തങ്ങളും നിര്‍ബന്ധിതരാകുമെന്ന് സിപിഐഎമ്മിനോട് കെ സുധാകരന്‍. എതിരഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യുക എന്നത് സിപിഐഎം എക്കാലത്തും അനുവര്‍ത്തിച്ചു പോന്നിട്ടുള്ള ശൈലിയാണ്. സിപിഎമ്മിനോളം തരം താഴാന്‍ കോണ്‍ഗ്രസ് അണികള്‍ക്കും നേതാക്കള്‍ക്കും പറ്റില്ലെങ്കിലും, ശക്തമായ പ്രതിരോധം ഒറ്റക്കെട്ടായി തീര്‍ക്കുവാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ പറഞ്ഞത്: മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അസൂയ തോന്നിപ്പിക്കത്തക്കവിധം കരുത്തുറ്റതാണ് കോണ്‍ഗ്രസിന്റെ യുവനിര. അവരുടെ ഉറച്ച നിലപാടുകളും വസ്തുതാപരമായ വിലയിരുത്തലുകളും സി.പി.എമ്മിനെ പോലുള്ള സകല ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്. കോവിഡ് നിപ്പ പ്രതിരോധങ്ങളില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച ക്രൂരമായ നിസ്സംഗതയെ ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗപ്പെടുത്തി നെറികെട്ട രീതിയില്‍ ആക്രമിച്ചു നിശബ്ദരാക്കാം എന്ന് പിണറായി വിജയന്‍ വിചാരിക്കേണ്ട. കൊടി സുനി അടക്കമുള്ള ഒക്കചങ്ങാതിമാര്‍ ജയിലിലായതിനാലും, പുറത്തുള്ള സിപിഎം ക്രിമിനലുകള്‍ക്ക് ആക്രമണം നടത്താന്‍ കോവിഡ് തടസമായതിനാലുമാകാം എതിരാളികളെ ആക്രമിക്കാന്‍ പുതിയ രീതികള്‍ സിപിഎം കണ്ടെത്തുന്നത്.

ലോകം നേരിടുന്ന ഈ മഹാ ദുരിതകാലത്ത് രാഷ്ട്രീയം മാറ്റി വെച്ച് സര്‍ക്കാരിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരാണ് കേരളത്തിലെ പ്രതിപക്ഷം. എന്നാല്‍ ആ അവസരം മുതലെടുത്ത് കേരളത്തെ കട്ട് മുടിക്കുകയാണ് പിണറായിയും സംഘവും ചെയ്തത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ വീഴ്ചകള്‍ കോടികള്‍ മുടക്കി നടത്തിയ പി.ആര്‍ വര്‍ക്കിനാല്‍ മറച്ചു വെയ്ക്കുകയായിരുന്നു എന്ന സത്യം ഇപ്പോള്‍ ജനത്തിന് മനസ്സിലായിരിക്കുന്നു. ലോക് ഡൗണിലെ അശാസ്ത്രീയത വിളിച്ചു പറഞ്ഞ ഡോ. എസ് എസ് ലാലും നിപ്പയിലെ വീഴ്ചകള്‍ എടുത്തു പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലും സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.

എതിരഭിപ്രായമുള്ളവരെ മുഴുവന്‍ ഇല്ലായ്മ ചെയ്യുക എന്നത് കേരളത്തിലെ സിപിഎം എക്കാലത്തും അനുവര്‍ത്തിച്ചു പോന്നിട്ടുള്ള ശൈലിയാണ്. രാഷ്ട്രീയ ജീവിതത്തില്‍ മുഴുവനും ആ ശൈലി പിന്തുടര്‍ന്ന് പോന്ന ആളെയാണ് ഇന്നവര്‍ മുഖ്യമന്ത്രി ആക്കിയിരിക്കുന്നത്. രാഷ്ട്രീയ ജീര്‍ണതയുടെ പര്യായമായ വിജയരാഘവനെ സംസ്ഥാന സെക്രട്ടറി പദത്തില്‍ പ്രതിഷ്ഠിച്ച സിപിഎമ്മില്‍ നിന്നും മാന്യമായ ഇടപെടലുകള്‍ രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നില്ല. പക്ഷെ, പേരിനെങ്കിലും നിങ്ങളൊരു രാഷ്ട്രീയ പ്രസ്ഥാനം ആണെന്ന് അണികളെ പറഞ്ഞു പഠിപ്പിക്കാന്‍ വിജയരാഘവന്‍ തയ്യാറാകണം.

ദൃശ്യമാധ്യങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ കൃത്യമായി പറയുകയും സി.പിഎമ്മിന്റെയും, പിണറായി വിജയന്റെ ഇഷ്ടക്കാരായ RSS ന്റെയും പൊള്ളത്തരങ്ങള്‍ വ്യക്തമായി തുറന്ന് കാണിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ യുവനിരയെ സൈബര്‍ ഗുണ്ടകളെ ഇറക്കി വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കികളയാമെന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കില്‍, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകും. സിപിഎമ്മിനോളം തരം താഴാന്‍ കോണ്‍ഗ്രസ് അണികള്‍ക്കും നേതാക്കള്‍ക്കും പറ്റില്ലെങ്കിലും, ശക്തമായ പ്രതിരോധം ഒറ്റക്കെട്ടായി തീര്‍ക്കുവാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ കുട്ടികളോട് ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കട്ടെ...ഫാസിസ്റ്റുകളോടുള്ള നിങ്ങളുടെ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ ഏതറ്റംവരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടെയുണ്ടാകും!

Next Story