Top

പുനഃസംഘടനാ ചർച്ചയില്‍ നിന്ന് ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് സുധാകരന്‍; 'ആർക്കും പരാതിയുണ്ടാകാന്‍ സാധ്യതയില്ല'

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു അപാകത വന്നതായി വ്യക്തിപരമായി അഭിപ്രായമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

14 Aug 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുനഃസംഘടനാ ചർച്ചയില്‍ നിന്ന് ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് സുധാകരന്‍; ആർക്കും പരാതിയുണ്ടാകാന്‍ സാധ്യതയില്ല
X

ഡിസിസി പുനഃസംഘടനാ ചർച്ചയുമായി ബന്ധപ്പെട്ട് എല്ലാ മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചർച്ചയില്‍ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ല. വളരെ താഴെതട്ടിലുള്ള പ്രാദേശിക നേതാക്കള്‍ മുതല്‍ മുതിർന്ന നേതാക്കളുമായി വരെ വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ചുരുക്ക പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പുനഃസംഘടനാ ചർച്ചയുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷനേതാവും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. വളരെ താഴെതട്ടിലുള്ള നേതാക്കള്‍ മുതല്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിങ്ങനെ എല്ലാവരെയും ആശയവിനിമയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാവരുമായും ആവശ്യത്തിന് ചര്‍ച്ച നടന്നുവെന്നാണ് നിഗമനം. അതിനാല്‍ തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു അപാകത വന്നതായി വ്യക്തിപരമായി അഭിപ്രായമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

നേതൃത്വ പരമായ ഗുണങ്ങളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രവര്‍ത്തനപരിചയം, ജനവിശ്വാസം, പ്രതിച്ഛായ എന്നിവയാണ് പരിഗണിച്ചത്. അതിനപ്പുറം ഗ്രൂപ്പ് ഒരുതരത്തിലും മാനദണ്ഡമായിട്ടില്ലെന്നും ഗ്രൂപ്പുകള്‍ ലിസ്റ്റ് തരുന്നതൊക്കെ കഴിഞ്ഞകാലത്തെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.

ആരില്‍ നിന്നും ലിസ്റ്റ് വാങ്ങിയിട്ടില്ല. എന്നാല്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒന്നരമാസമായി ആരംഭിച്ച ഈ പ്രക്രിയയുടെ ഭാഗമായി ഈ ദിവസങ്ങളില്‍ കെപിസിസി ഓഫീസില്‍ വന്നുപോയ പ്രാദേശിക നേതാക്കളുടെ എണ്ണമെടുത്താല്‍ തന്നെ അത് വ്യക്തമാകുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

Next Story