Top

'ഋഷിയുടെ വരവ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട്'; സംശയമില്ലെന്ന് സുധാകരന്‍

ഋഷി പല്‍പ്പുവിന് മൂവര്‍ണ്ണകൊടിയുടെ തണലിലേക്ക് സ്വാഗതം

26 Sep 2021 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഋഷിയുടെ വരവ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട്; സംശയമില്ലെന്ന് സുധാകരന്‍
X

മുന്‍ ബിജെപി നേതാവ് ഋഷി പല്‍പ്പുവിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഋഷിയെ ഉള്‍കൊള്ളാന്‍ ബിജെപിയെ പോലുള്ള വര്‍ഗിയ പാര്‍ട്ടികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയമില്ലെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ പറഞ്ഞത്: കോണ്‍ഗ്രസിന്റെ മതേതര,ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായി നമ്മുക്കൊപ്പം അണിചേര്‍ന്ന മുന്‍ ബിജെപി നേതാവ് ഋഷി പല്‍പ്പുവിന് മൂവര്‍ണ്ണകൊടിയുടെ തണലിലേക്ക് സ്വാഗതം. സമൂഹത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബഹുജന അടിത്തറയുള്ള നേതാവാണ് ഋഷി. അത്തരക്കാരെ ഉള്‍കൊള്ളാന്‍ ബിജെപിയെ പോലുള്ള വര്‍ഗിയ പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെയും അണികളുടെയും വരവ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ് എന്നതില്‍ സംശയമില്ല.

ഇന്നാണ് ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെപിസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സുധാകരനാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡിസിസി അധ്യക്ഷന്‍ പാലോട് രവി, മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം, കോണ്‍ഗ്രസിലെ സംഘടന പ്രശ്‌നങ്ങളില്‍ അതൃപ്തി അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ രംഗത്തെത്തി. അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച താരീഖ് അന്‍വര്‍ വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. ഇന്ന് ആറു മണിക്കായിരുന്ന കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. അതേസമയം, കേരളത്തിലെ പുതിയ നേതൃത്വത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതാണെന്നും നേതാക്കളെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കണമെന്ന് കെപിസിസിയോട് താരീഖ് അന്‍വര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Next Story