Top

'കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്കെത്തും എന്നത് വ്യാമോഹം'; ഷിബുവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഘടക കക്ഷികളെ ബാധിക്കും

31 Aug 2021 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്കെത്തും എന്നത് വ്യാമോഹം; ഷിബുവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് കെ സുധാകരന്‍
X

ഷിബു ബേബി ജോണിന്റെ നിലപാടില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഘടക കക്ഷികളേയും ബാധിക്കുമെന്നത് സ്വാഭാവികമാണെന്നും ഷിബു ബേബി ജോണിന്റെ പ്രതികരണം സദുദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം പരിഹാരം കാണുമെന്നും സുധാകരന്‍ വ്യക്തമാക്കി.

'കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ ബിജെപിയിലേക്കെത്തും എന്നത് വ്യാമോഹം മാത്രമാണ്. ഷിബു ബേബി ജോണിന്റെ പ്രതികരണം സദുദ്ദേശത്തോടെയാണ്. അതുകൊണ്ടു തന്നെ അതില്‍ പരസ്യ പ്രതികരണത്തിനില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഘടക കക്ഷികളെ ബാധിക്കും. എല്ലാവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണും.

ശിവദാസന്‍ നായരുടെ മറുപടി വിശദമായി പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്കെതിരായ പരിശോധിക്കുമെന്നും അതില്‍ സത്യമുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച എ വി ഗോപിനാഥുമായി ചർച്ച നടത്തുമെന്നും അതിനായി പാലാക്കാടേക്ക് പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ കണ്ണൂരിലെ പുതിയ ഡിസിസി ഓഫീസ് കെട്ടിടം പൂര്‍ത്തിയായത് സ്വപ്ന സാഫല്യമാണെന്ന് പറഞ്ഞ സുധാകരന്‍ സാധാരണ പ്രവര്‍ത്തകരുടെ സംഭാവനകള്‍ കൊണ്ടാണ് ഓഫിസ് നിര്‍മ്മിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രതികരണം. ഡിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസ് ആടിയുലഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷിയായ ആര്‍എസ്പി യുഡിഎഫിനോട് ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടെയായിരുന്നു ഷിബു ബേബി ജോണ്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുനഃസംഘടയ്ക്ക് ശേഷവും കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് വിധിയെഴുതുന്നില്ല, ഒരു കാര്യം മനസിലാക്കേണ്ടത് കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്. അതില്‍ നിന്ന് നേതാക്കള്‍ പിന്തിരിയണം. മുക്കും എന്ന് നിലപാട് സ്വീകരിക്കരുത്. അത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, ഒരു മുങ്ങുന്ന കപ്പലില്‍ അറിയാതെ എങ്കിലും നില്‍ക്കാം. മുക്കുന്നു എന്ന ബോധ്യപ്പെട്ടാല്‍ ആരെങ്കിലും നില്‍ക്കാന്‍ തയ്യാറാവുമോ എന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ ചോദ്യം.

Next Story