Top

'എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചന; മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ട്, മറ്റൊരു കാര്യത്തിലും പങ്കില്ല'; സുധാകരന്‍

മോന്‍സണ്‍ മാവുങ്കലിനായി കെ സുധാകരന്‍ എംപി ഇടപെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്

27 Sep 2021 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചന; മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ട്, മറ്റൊരു കാര്യത്തിലും പങ്കില്ല; സുധാകരന്‍
X

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചികിത്സയുടെ ഭാഗമായി അഞ്ചില്‍ കൂടുതല്‍ തവണ മോന്‍സണിനെ കണ്ടിട്ടുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ മാത്രമായിരുന്നു കൂടികാഴ്ച്ച, മോന്‍സണിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അവിടെ കോടികള്‍ വിലവരുന്ന പുരാവസ്തുക്കള്‍ ഉണ്ടെന്ന് അറിയുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇതെല്ലാം ഗുഢാലോചനയുടെ ഭാഗമായി നടക്കുന്ന വേട്ടയാടല്‍ ആണെന്നും സുധാകരന്‍ പ്രതികരിച്ചു.

'സംഭവത്തില്‍ ഞാന്‍ പങ്കാളിയാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഡോ. മോന്‍സനെ എനിക്കറിയാം. അഞ്ചോ ആറോ തവണ കണ്ടിട്ടുണ്ട്. ഡോ. എന്ന നിലക്കാണ് അദ്ദേഹത്തെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പുരാതന വസതുക്കളുടെ ശേഖരം വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞത്. വാളും പരിചയും ഖുറാനും സ്വര്‍ണത്തിന്റെ പേജില്‍ ആലേഖനം ചെയ്ത ഖുറാനും ഒക്കെ കണ്ടു. കോടികള്‍ വിലമതിക്കുന്ന സാധനങ്ങളാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മോന്‍സറ്റണുമായി അല്ലാതെ എനിക്ക് യാതൊരു ബന്ധവുമില്ല. ഞാനുമായി സംസാരിച്ചുവെന്ന് പറയുന്ന വ്യക്തി കറുത്തിട്ടാണോ വെളുത്തിട്ടാണോയെന്ന് പോലും എനിക്ക് അറിയില്ല. അങ്ങനെയൊരു ചര്‍ച്ച മോന്‍സിന്റെ വീട്ടില്‍ വെച്ച് ഒരുകാലത്തും നടന്നിട്ടില്ല. ഒരു കറുത്ത ശക്തി എന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പരാതിക്കാരന്‍ പറയുന്നുണ്ട്. സെക്രട്ടറി വിളിച്ചുവെന്നാണ് പറയുന്നത്. ഇതിന്റെ പിറകില്‍ ഗൂഢാലോചനയുണ്ട്.' എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

മോന്‍സണ്‍ മാവുങ്കലിനായി കെ സുധാകരന്‍ എംപി ഇടപെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. മോന്‍സന്‍ മാവുങ്കലിന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതര്‍ക്ക് എതിരെയും വെളിപ്പെടുത്തുലുള്ളത്.

പരാതിയില്‍ കെ സുധാകരന് എതിരായ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്. 'കെ.സുധാകരന്‍ എം.പി നിരവധി തവണ ടിയാന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ട്. പത്ത് ദിവസം ടിയാന്റെ വീട്ടില്‍ സുധാകരന്‍ താമസിച്ചതായും കോസ്മറ്റോളജിസ്റ്റായ ടിയാന്റെ ചികിത്സയില്‍ ആയിരുന്ന സുധാകരന്‍ ആ സമയങ്ങളിലൊന്നും ഡല്‍ഹിയിലെ ടിയാന്റെ വിഷയത്തില്‍ വന്ന പല തടസങ്ങളും സുധാകരന്‍ എം.പി നീക്കി നല്‍കിയെന്നും മോന്‍സന്‍ സുധാകരനുമൊത്തുള്ള ചര്‍ച്ചയില്‍ ഞങ്ങളോട് പറഞ്ഞിരുന്നു.'

2018 നവംബര്‍ 22 ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാന്‍ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയെ ഇടപെടുത്താം. ദില്ലിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് സുധാകരന്‍ വാഗ്ദാനം നല്‍കിയെന്നും പരാതിക്കാരനായ അനൂപ് പറഞ്ഞു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.


Next Story