Top

'ഗോപിനാഥന് എന്നെ കൈയ്യൊഴിയാന്‍ കഴിയില്ല'; അനില്‍ അക്കരെ സാഹചര്യം ഉണ്ടാക്കരുതായിരുന്നുവെന്ന് സുധാകരന്‍

ഡിസിസി പട്ടികയില്‍ ഇനിയും ചര്‍ച്ച വേണ്ടെന്നും അത് അടഞ്ഞ അധ്യായമാണെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍

30 Aug 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോപിനാഥന് എന്നെ കൈയ്യൊഴിയാന്‍ കഴിയില്ല; അനില്‍ അക്കരെ സാഹചര്യം ഉണ്ടാക്കരുതായിരുന്നുവെന്ന് സുധാകരന്‍
X

ഡിസിസി പട്ടികയില്‍ ഇനിയും ചര്‍ച്ച വേണ്ടെന്നും അത് അടഞ്ഞ അധ്യായമാണെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വിവാദ പരാമര്‍ശങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടി അത്തരം ചര്‍ച്ചകളിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ് തീരുമാനം എടുത്തതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് ജില്ലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എവി ഗോപിനാഥ് പാര്‍ട്ടി വിട്ടതെന്നും ആ തീരുമാനം തന്നോട് ചര്‍ച്ച ചെയ്തിരുന്നുവെന്നും കെ സുധാകരന്‍ കൂട്ടിചേര്‍ത്തു. താനും ഗോപിനാഥും അതിരൂഢമായ ബന്ധമാണ്. അത്ര പെട്ടെന്ന് എന്നെ കൈ ഒഴിയാന്‍ ഗോപിനാഥിന് കഴിയില്ല. പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടേയും പോകില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
'ഗോപിനാഥിനെ പാര്‍ട്ടിയില്‍ സക്രിയമാക്കാനുള്ള നടപടികള്‍ അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. അത് ഞാന്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കും. അതിനുള്ള ആത്മവിശ്വാസം ഉണ്ടാവും.' കെ സുധാകരന്‍ പറഞ്ഞു.
എവി ഗോപിനാഥിനെതിരായ അനില്‍ അക്കരെയുടെ പരാമര്‍ശം വളരെ മോശമായി പോയെന്നും സുധാകരന്‍ പറഞ്ഞു. അനില്‍ അക്കരെയെഴുതിയതിനുള്ള മറുപടിയാണ് ഗോപിനാഥന്‍ നല്‍കിയതെന്നും അത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നുവെന്നും കെപിപിസി അധ്യക്ഷന്‍ കൂട്ടിചേര്‍ത്തു.
മറ്റു ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. പഴയത് പോലെ രണ്ട് ചാനലുകളില്‍ നിന്നും വരുന്ന ആള്‍ക്കൂട്ടത്തിന്റെ സംയോജനമല്ല ഇപ്പോഴത്തെ പാര്‍ട്ടി. കഴിവുള്ള എന്നാല്‍ പൊതുരംഗത്ത് സജീവമല്ലാതിരുന്ന നേതാക്കന്മാരെ കണ്ടുപിടിച്ച് ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും താങ്ങും തണലുമായി പാര്‍ട്ടിക്കൊപ്പം ഉണ്ടാവണമെന്നാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലുണ്ടാവുന്ന മാറ്റങ്ങള്‍ ആറ് മാസത്തിനുള്ളില്‍ കാണാന്‍ കഴിയുമെന്നും സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Next Story

Popular Stories