Top

'ആരോപണങ്ങളില്‍ അത്ഭുതമില്ല'; ചെന്നിത്തല- മോന്‍സന്‍ ബന്ധത്തില്‍ സുധാകരന്‍

കേസ് സിബിഐയോ അതിന് മുകളിലുള്ള ഏജന്‍സികളോ അന്വേഷിക്കട്ടേ

2 Oct 2021 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോപണങ്ങളില്‍ അത്ഭുതമില്ല; ചെന്നിത്തല- മോന്‍സന്‍ ബന്ധത്തില്‍ സുധാകരന്‍
X

മോന്‍സണുമായി രമേശ് ചെന്നിത്തലയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ അത്ഭുതമില്ലെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്.

''അതിലൊന്നും എനിക്കൊരു അത്ഭുതവുമില്ല. എനിക്കെതിരെയും ആരോപണം വന്നില്ലേ. പിന്നെന്താ രമേശ് ചെന്നിത്തല. കേസ് സിബിഐയോ അതിന് മുകളിലുള്ള ഏജന്‍സികളോ അന്വേഷിക്കട്ടേ.''-സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള എല്ലാ വേട്ടയാടലിനും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരന്‍ പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഏത് അന്വേഷണത്തെയും താന്‍ നേരിടാന്‍ തയ്യാറാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. ഒരു പ്രയാസവുമില്ല. മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ലെന്നും താന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. വേട്ടയാടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുഖ്യമന്ത്രി എത്രതവണ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. വിഎം സുധീരനോട് എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ പരിഹരിക്കപ്പെടുമെന്നും അല്ലെങ്കില്‍ വേണ്ടെന്നും സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചു.

മോന്‍സണ്‍ മാവുങ്കലും രമേശ് ചെന്നിത്തലയും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിലാണ് ഇന്നലെ വെളിപ്പെടുത്തിയത്. 25 കോടിയുടെ ഇടപാടുകളാണ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ നടത്തിയതെന്നും അത് അന്വേഷിക്കണമെന്നും അനിത ആവശ്യപ്പെട്ടു. ''രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി. മോന്‍സണെ നല്ലരീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല.'' അനിത പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് അനിതയുടെ വെളിപ്പെടുത്തല്‍.

Next Story