Top

'സമവായത്തിന് മുന്‍കൈ എടുക്കേണ്ടവര്‍ രക്തം നക്കാന്‍ ചെന്നായയെ പോലെ കാത്തിരിക്കുന്നു'; സൗഹാര്‍ദ ശ്രമവുമായി കോണ്‍ഗ്രസ്

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനായി സൗഹാര്‍ദ ശ്രമവുമായി കോണ്‍ഗ്രസ്

16 Sep 2021 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമവായത്തിന് മുന്‍കൈ എടുക്കേണ്ടവര്‍ രക്തം നക്കാന്‍ ചെന്നായയെ പോലെ കാത്തിരിക്കുന്നു; സൗഹാര്‍ദ ശ്രമവുമായി കോണ്‍ഗ്രസ്
X

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനായി സൗഹാര്‍ദ ശ്രമവുമായി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചങ്ങനാശേരി അതിരൂപതയില്‍ എത്തി ആര്‍ച്ച് ബിഷപ്പിനെ കണ്ടു. സമവായത്തിന് മുന്‍കൈ എടുക്കേണ്ട സര്‍ക്കാര്‍, തമ്മിലടിക്കുന്നത് കണ്ട് ചോര നക്കി തുടക്കാന്‍ നിക്കുന്ന ചെന്നായയെ പോലെ പെരുമാറുകയാണെന്ന് സുധാകരന്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. മതേതരത്വം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

'വരാന്‍ ഓങ്ങിയിരുന്ന സ്ഥലത്ത് തേങ്ങവീണുവെന്ന അവസ്ഥയാണ്. നേരത്തെ കാണാനിരുന്ന സ്ഥലത്ത് വരാന്‍ ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യം കൂടിയുണ്ടായി.

സമവായത്തിന് വേണ്ടി മുന്‍കൈ എടുക്കേണ്ടത് ഞങ്ങളല്ല. സര്‍ക്കാരാണ്. എന്നാല്‍ അവര്‍ തമ്മിലടിക്കുന്നത് കണ്ട് അതിനകത്ത് നിന്നും ഉറ്റിവീഴുന്ന ചോര നക്കി തുടക്കാന്‍ നിക്കുന്ന ചെന്നായയെ പോലെ കാത്തുനില്‍ക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്കൊരു ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ട്. മതസൗഹാര്‍ദത്തെ ഉലക്കുന്ന ഒരു നടപടിയും ചര്‍ച്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ബിഷപ്പ് പ്രതികരിച്ചു. മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ എല്ലാ കാലത്തും നിന്നത് പോലും ഇനിയും നില്‍ക്കുമെന്നും ബിഷപ്പ് പറഞ്ഞത്.' സുധാകരന്‍ പ്രതികരിച്ചു.

വ്രണപ്പെടാത്ത സാമുദായിക സൗഹാര്‍ദമാണ് നമുക്ക് വേണ്ടതെന്നും ഇന്ത്യ പോലെയുള്ള ഒരു സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷവിത്ത് ചാലിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുന്നവരാണ് നമ്മളെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

ഇന്ന് ഉച്ചക്ക് ശേഷം പാലാ ബിഷപ്പുമായും കൂടികാഴ്ച്ച നടത്തുമെന്ന് സുധാകരന്‍ അറിയിച്ചു. രണ്ട് മണിക്കായിരിക്കും കൂടികാഴ്ച്ച.

Popular Stories

    Next Story