Top

'45 വര്‍ഷമായി ഇത്രയും ഗതികേട് ഉണ്ടായിട്ടില്ല; പാര്‍ട്ടിയെ നശിപ്പിക്കരുത്'; വികാരഭരിതനായി മുല്ലപ്പള്ളി, മറുപടിയില്ലാതെ സുധാകരന്‍

എല്ലാ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് സുധാകരന്‍

14 Aug 2021 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

45 വര്‍ഷമായി ഇത്രയും ഗതികേട് ഉണ്ടായിട്ടില്ല; പാര്‍ട്ടിയെ നശിപ്പിക്കരുത്;   വികാരഭരിതനായി മുല്ലപ്പള്ളി, മറുപടിയില്ലാതെ സുധാകരന്‍
X

പുനഃസംഘടന ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതില്‍ അതിരൂക്ഷ പ്രതികരണമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് നടത്തിയത്. മുന്‍ അധ്യക്ഷനെന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ഒരുവാക്ക് തന്നോട് ചോദിക്കാമായിരുന്നെന്ന് പറഞ്ഞപ്പോള്‍, പട്ടികയില്‍ ആരുടെയെങ്കിലും പേര് ഉള്‍പ്പെടുത്തണോ, പെട്ടെന്ന് പറയണം, എന്ന ധാര്‍ഷ്ട്യത്തോടെയുള്ള സുധാകരന്റെ മറുപടിയോടെയാണ് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചത്.

പട്ടിക കൈമാറുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് സുധാകരന്‍ മുല്ലപ്പള്ളിയെ വിളിച്ചത്. മുന്‍ അധ്യക്ഷനെന്ന പരിഗണന സുധാകരന്‍ തനിക്ക് നല്‍കിയില്ല. കോണ്‍ഗ്രസ് എന്നത് വലിയൊരു പാര്‍ട്ടിയാണ്. ഇതിനെ സുധാകരന്‍ നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞതായാണ് വിവരങ്ങള്‍. കെപിസിസി അധ്യക്ഷനെ കാണണമെങ്കില്‍ ഇപ്പോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. 45 വര്‍ഷമായി, ഇന്ദിരാഭവന് മുന്നില്‍ അധ്യക്ഷനെ കാണാന്‍ കാത്തിരിക്കേണ്ട ഗതികേട് തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രോഷത്തോടെ പറഞ്ഞു. മുല്ലപ്പള്ളിയുടെ പൊട്ടിത്തെറിക്ക് മുന്നില്‍ സുധാകരന് മറുപടിയൊന്നുമില്ലായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, ഡിസിസി പുനഃസംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് എല്ലാ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. വളരെ താഴെതട്ടിലുള്ള പ്രാദേശിക നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കളുമായി വരെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ചുരുക്ക പട്ടിക തയ്യാറാക്കിയതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

''പുനഃസംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷനേതാവും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. വളരെ താഴെതട്ടിലുള്ള നേതാക്കള്‍ മുതല്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിങ്ങനെ എല്ലാവരെയും ആശയവിനിമയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാവരുമായും ആവശ്യത്തിന് ചര്‍ച്ച നടന്നുവെന്നാണ് നിഗമനം.'' അതിനാല്‍ തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു അപാകത വന്നതായി വ്യക്തിപരമായി അഭിപ്രായമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നേതൃത്വപരമായ ഗുണങ്ങളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രവര്‍ത്തനപരിചയം, ജനവിശ്വാസം, പ്രതിച്ഛായ എന്നിവയാണ് പരിഗണിച്ചത്. അതിനപ്പുറം ഗ്രൂപ്പ് ഒരുതരത്തിലും മാനദണ്ഡമായിട്ടില്ലെന്നും ഗ്രൂപ്പുകള്‍ ലിസ്റ്റ് തരുന്നതൊക്കെ കഴിഞ്ഞകാലത്തെ കഥയാണ്. ആരില്‍ നിന്നും ലിസ്റ്റ് വാങ്ങിയിട്ടില്ല. എന്നാല്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒന്നരമാസമായി ആരംഭിച്ച ഈ പ്രക്രിയയുടെ ഭാഗമായി ഈ ദിവസങ്ങളില്‍ കെപിസിസി ഓഫീസില്‍ വന്നുപോയ പ്രാദേശിക നേതാക്കളുടെ എണ്ണമെടുത്താല്‍ തന്നെ അത് വ്യക്തമാകുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

Next Story