Top

സുധീരനെതിരെ സുധാകരന്‍; സതീശനോട് അതൃപ്തി, ചിദംബരത്തെയും തള്ളി

വിയോജിപ്പ് സുധാകരന്‍ നേരിട്ട് സതീശനെ അറിയിക്കുകയായിരുന്നു.

26 Sep 2021 11:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധീരനെതിരെ സുധാകരന്‍; സതീശനോട് അതൃപ്തി, ചിദംബരത്തെയും തള്ളി
X

രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി.എം സുധീരനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധീരനോട് താന്‍ അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ ആ അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ല. കെപിസിസി നടപടികളില്‍ തെറ്റുണ്ടെങ്കില്‍ അത് എഐസിസി ചൂണ്ടിക്കാണിക്കും. എഐസിസിയെ കാര്യങ്ങള്‍ അറിയിച്ച് അനുവാദത്തോടെയാണ് എല്ലാം നടപ്പാക്കുന്നത്. അതില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയിലും സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തി. തന്റെ വിയോജിപ്പ് സുധാകരന്‍ നേരിട്ട് സതീശനെ അറിയിക്കുകയായിരുന്നു.

അതേസമയം, നാര്‍ക്കോട്ടിക്ക് ജിഹാദ് സംബന്ധിച്ച പി ചിദംബരത്തിന്റെ പ്രസ്താവനയെയും കെ സുധാകരന്‍ തള്ളി. ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ല. കേരളത്തിന്റെ കാര്യം കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിച്ചോളാം. ഞങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു രാജി.

സുധീരന്റെ രാജി പിന്‍വലിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ''വിഎം സുധീരനെ പോലെ ഒരു നേതാവ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. അദ്ദേഹം കമ്മിറ്റിയില്‍ തുടരേണ്ടതാണ്. എന്താണ് അദ്ദേഹത്തെ വേദനിപ്പിച്ച കാര്യമെന്ന് കണ്ടെത്തി, പരിഹാരമുണ്ടാക്കണം. സുധീരന്‍ രാജി പിന്‍വലിക്കേണ്ടതാണ്.'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. 'ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം. ഞാന്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റാന്‍ പോയതല്ല. സംഘടനാ കാര്യങ്ങള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.'- സുധീരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്.

Next Story