Top

പാര്‍പ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി, പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ല; ഫോണ്‍വിളിയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെ സുധാകരന്‍

കൊടിസുനിയെ പോലുള്ളവര്‍ക്ക് ജയില്‍ സുഖവാസ കേന്ദ്രം

21 Sep 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍പ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി, പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ല; ഫോണ്‍വിളിയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെ സുധാകരന്‍
X

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ അനധികൃത ഫോണ്‍വിളി സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊടിസുനിയുടെ ഫോണ്‍രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണം. ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. അങ്ങനെയുള്ളവരോട് പരാതി പറഞ്ഞിട്ടെന്ത് കാര്യമെന്നും സുധാകരന്‍ ചോദിച്ചു.

''എല്ലാം കേട്ടില്ലെന്ന ഭാവത്തോടെ പോകുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് മാത്രമേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരിക്ക് ചേര്‍ന്ന ഗുണമല്ല. തടവുകാരില്‍ വേര്‍തിരിവ് പാടുണ്ടോ. സര്‍ക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടിസുനിയെ പോലുള്ളവര്‍ക്ക് ജയില്‍ സുഖവാസ കേന്ദ്രമാക്കുകയാണ്. പാര്‍പ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടിസുനി.''- സുധാകരന്‍ പറഞ്ഞു.

അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍ വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി സുരേഷിനെതിരെ കര്‍ശന നടപടി വേണമെന്ന് ഉത്തര മേഖല ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കി. ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി.പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഉത്തര മേഖല ജയില്‍ ഡി ഐ ജി എം.കെ. വിനോദ് കുമാറാണ് ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിന് റിപ്പോര്‍ട്ട് കൈമാറിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സൂപ്രണ്ടിനെ സംശയത്തില്‍ നിര്‍ത്തുന്നതാണ് റിപോര്‍ട്ട്. കൊടി സുനിയും റഷീദും ജയിലില്‍ നിര്‍ബാധം ഫോണ്‍ ഉപയോഗിച്ചു. സൂപ്രണ്ടിന്റെ മുറിയില്‍ ഇരുന്നും ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫീസ് സഹായിയായിരുന്നു റഷീദ്. കൊടി സുനി ഉള്‍പ്പെടെയുള്ള ഒരു സംഘം തടവുകാരുടെ സൈ്വര വിഹാരമാണ് ജയിലില്‍ നടന്നത്. പുറത്തുള്ളവരുമായി ഇവര്‍ തുടര്‍ച്ചയായി ബന്ധം പുലര്‍ത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൊടും കുറവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ ഗുരുതരമായ അച്ചടക്ക ലംഘനവും സുരക്ഷാ പാളിച്ചയും ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി. സൂപ്രണ്ട് നാലുതവണ സസ്‌പെന്‍ഷന് വിധേയമായ കാര്യവും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഉത്തരവുകളും ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികളും അനുബന്ധമായി ചേര്‍ത്തിട്ടുമുണ്ട്. ജയിലില്‍ തന്നെ വകവരുത്താന്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ രണ്ട് സഹ തടവുകാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തു എന്ന കൊടി സുനിയുടെ മൊഴി റിപ്പോര്‍ട്ടിലുണ്ട്. ആവശ്യമെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ശുപാര്‍ശയോടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.

Next Story