Top

'സഭയില്‍ വരാന്‍ പറ്റാത്തത്ര തിരക്കുള്ളവര്‍ ഈ പണിക്ക് നില്‍ക്കരുത്, രണ്ടും നടക്കില്ല'; പിവി അന്‍വറിനോട് കെ മുരളീധരന്‍

ബിസിനസ്സും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടുപ്പില്ലെന്നും കെ മുരളീധരന്‍

22 Aug 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയില്‍ വരാന്‍ പറ്റാത്തത്ര തിരക്കുള്ളവര്‍ ഈ പണിക്ക് നില്‍ക്കരുത്, രണ്ടും നടക്കില്ല; പിവി അന്‍വറിനോട് കെ മുരളീധരന്‍
X

പിവി അന്‍വര്‍ എംഎല്‍എയെ കാണാതായ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ മുരളീധരന്‍ എംപി. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതര പ്രശ്‌നമാണെന്നും ബിസിനസ്സും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടുപ്പില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.


'മുഖ്യമന്ത്രി മറുപടി പറയണം. താന്‍ ജനങ്ങളുടെ ദാസന്മാരല്ല, ജനങ്ങള്‍ തന്റെ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ അതിനെ ശക്തമായ തിരിച്ചടി സമൂഹത്തില്‍ നിന്നുണ്ടാവും. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്റെ മുന്നണിയില്‍പ്പെട്ട അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ മത്സരിച്ചു വിജയിച്ചയാള്‍ പത്രക്കാരെ മോശമായ ഭാഷയില്‍ പ്രതികരിച്ചു. അത്രയും മോശമായ തരത്തില്‍ സംസാരിച്ച എംഎല്‍എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അസംബ്ലി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് വരരുത്. രണ്ടും കൂടി നടക്കില്ല. ബിസിനസ്സും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് പൊതുപ്രവര്‍ത്തനത്തില്‍ നടപ്പില്ല. യുഡിഎഫ് വേട്ടയാടുന്നതിനാല്‍ ഞാന്‍ ബിസിനസിന് പോവുകയാണെന്ന് പറഞ്ഞിട്ട് അങ്ങ് പോകായിരുന്നില്ലേ. അല്ലാതെ എല്ലാവരുടേയും തന്തക്ക് വിളിക്കുകയാണോ. ഇതൊന്നും പാര്‍ലമെന്ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ' മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം താന്‍ വെസ്റ്റ് ആഫ്രിക്കയിലെ സിയാറ ലിയോണിലാണെന്നും മണ്ഡലത്തില്‍ ഇല്ലെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാസമയത്തും പ്രവര്‍ത്തിക്കുന്ന, ഞായറാഴ്ച്ച വരേയും പ്രവര്‍ത്തിക്കുന്ന ഒരു എംഎല്‍എ ഓഫീസ് മണ്ഡലത്തില്‍ ഉണ്ടെന്നുമായിരുന്നു വിഷയത്തില്‍ പിവി അന്‍വറിന്റെ പ്രതികരണം. ചെറിയ ബിസിനസുകള്‍ ചെയ്തിരുന്ന തന്നെ നാടുകടത്തിയത് നിങ്ങള്‍ അല്ലേയെന്നും പിവി അന്‍വര്‍ ചോദിക്കുന്നു. വിഷയത്തില്‍ നേരത്തേയും പിവി അന്‍വര്‍ പ്രതികരിച്ചിരുന്നു. ഇതിലും വലിയ കഥകള്‍ മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ പ്രചരിച്ചിരുന്നുവെന്നും അത് തനിക്ക് വിസിബിലിറ്റിയും എന്‍ട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തില്‍ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പിവി അന്‍വറിന്റെ പ്രതികരണം.




Next Story