Top

'കറുത്തകുപ്പായ സംഘത്തെ പേടിയാണെന്ന് പൊലീസ് വീണ്ടും തെളിയിച്ചു'; വഞ്ചിയൂര്‍ കോടതിയിലെ സംഭവങ്ങളില്‍ അഭിഭാഷകര്‍ക്കെതിരെ ജനയുഗം

10 Aug 2021 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറുത്തകുപ്പായ സംഘത്തെ പേടിയാണെന്ന് പൊലീസ് വീണ്ടും തെളിയിച്ചു; വഞ്ചിയൂര്‍ കോടതിയിലെ സംഭവങ്ങളില്‍  അഭിഭാഷകര്‍ക്കെതിരെ ജനയുഗം
X

വഞ്ചിയൂര്‍ കോടതിയില്‍ സിറാജ് ദിനപത്രത്തിലെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹാജരായ പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചതിനായിരുന്നു കയ്യേറ്റം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി യത്‌നിക്കുന്ന, ഭരണഘടനയുടെ നാലുതൂണുകളില്‍ ഏറ്റവും ബലവത്തായതുമായ മാധ്യമങ്ങള്‍ക്ക് വഞ്ചിയൂര്‍ കോടതിയില്‍ പ്രവേശനമില്ല. മനഃസാക്ഷിയില്ലാത്ത ഒരുകൂട്ടം ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരുടെ വിളനിലമാണ് വഞ്ചിയൂര്‍ കോടതിയെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു.

സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനാണ് ഇരുപത്തിയഞ്ചോളം അഭിഭാഷകരുടെ മര്‍ദ്ദനമേറ്റത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങല്‍. എല്ലാം കണ്ടുനിന്ന പൊലീസ് വഞ്ചിയൂരിലെ അക്രമികളായ ഈ കറുത്തകുപ്പായ സംഘത്തെ പേടിയാണെന്ന് വീണ്ടും തെളിയിച്ചെന്നും ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

സുപ്രീം കോടതിയും ഹൈക്കോടതിയും ഇടപെട്ട് തീര്‍പ്പുണ്ടാക്കിയിട്ടും വഞ്ചിയൂരിലെ അലിഖിത നിയമങ്ങളും അഭിഭാഷക തേര്‍വാഴ്ചകളും തുടരുകയാണ്. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് അഭിഭാഷകരും മാധ്യമങ്ങളും സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്നും ഇരുകൂട്ടരും ഒരുമിച്ച് പോകണമെന്നും ജഡ്ജിമാരായ പി ആര്‍ രാമചന്ദ്രനും പി എന്‍ രവീന്ദ്രനും നിര്‍ദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഇത്തരത്തിലുള്ള മുന്‍ സംഭവങ്ങളില്‍ പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു എന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായതിന് സമാനമായി നേരത്തെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ നടന്ന അതിക്രമങ്ങളും എണ്ണിപ്പറയുകയാണ് ജനയുഗം.

വഞ്ചിയൂരില്‍ ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോള്‍ അഭിഭാഷകര്‍ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങള്‍. നിയമത്തിന്റെ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്ത കാടത്തമാണിത്. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനല്‍മാഫിയയ്ക്ക് വളമാവുന്നത്. ഇത് അനുവദിക്കാനാവിലലെന്നും സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമനിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നും ജനയുഗം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു

Next Story