Top

'എല്‍ഡിഎഫ് പ്രവേശനം ജനം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ചിലര്‍ പങ്കുവച്ചിരുന്നു'; പാര്‍ട്ടി സ്ഥാപകദിനത്തില്‍ ജോസ് കെ മാണി

കഴിഞ്ഞ ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തു തെളിയിച്ചു.

9 Oct 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ഡിഎഫ് പ്രവേശനം ജനം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ചിലര്‍ പങ്കുവച്ചിരുന്നു; പാര്‍ട്ടി സ്ഥാപകദിനത്തില്‍ ജോസ് കെ മാണി
X

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ചിലര്‍ പങ്കുവച്ചിരുന്നെന്ന് ജോസ് കെ മാണി. എന്നാല്‍ ആ ആശങ്കകള്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്ന ദിനങ്ങളാണ് പിന്നീട് കണ്ടെതെന്നും ഇച്ഛാശക്തിയോടെ ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടുപോയപ്പോള്‍ വിജയത്തിന്റെ വാതിലുകള്‍ ഒന്നൊന്നായി തുറന്നെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എഴുതിയ കുറിപ്പിലാണ് ജോസ് കെ മാണി പരാമര്‍ശങ്ങള്‍.

ജോസ് കെ മാണി പറഞ്ഞത്: ജന്മദിനാശംസകള്‍....പ്രിയപ്പെട്ടവര്‍ക്ക് എല്ലാം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.....തിരുനക്കരയില്‍ തിരിതെളിഞ്ഞ കേരള കോണ്‍ഗ്രസിന്റെ അന്‍പതിയെട്ടാം സ്ഥാപക ദിനമാണല്ലോ ഇന്ന്. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുവര്‍ണ എടുകളില്‍ രേഖപ്പെടുത്തിയ ദിനം. കേരള കോണ്‍ഗ്രസ് എന്നത് ഒരു വികാരമാണ് എന്നും. ജ്വലിച്ചുയരുന്ന വികാരം..അച്ചാച്ചന്‍ പ്രാണനെ പോലെ സ്‌നേഹിച്ചു നട്ടു നനച്ചു വളര്‍ത്തിയ പ്രസ്ഥാനം. കേരളത്തിലെ അധ്വാനവര്‍ഗത്തിന്റെയും കര്‍ഷകരുടെയും പ്രതീക്ഷയും തണലുമായി കേരള കോണ്‍ഗ്രസ് എമ്മിനെ പടുത്തുയര്‍ത്തിയ മാണി സാറിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ ഈ ദിനത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു.

പാര്‍ട്ടിയുടെ 58 ാം ജന്മദിനം ഇന്ന് കേരളത്തിലുടനീളം പതാകദിനമായി ആചരിക്കുകയാണല്ലോ. ഇന്നു രാവിലെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പതാക ഉയര്‍ത്തും. ജില്ലയില്‍ തന്നെ 1000 ത്തോളം കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും. ഈ ജന്മദിനത്തിന് ഏറെ പ്രത്യേകതയുണ്ട്. കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവായ ഒരുവര്‍ഷമാണ് കടന്നുപോയത്. വളരെ പ്രത്യേകയാര്‍ന്ന ഒരു ഘട്ടത്തിലൂടെയാണ് കേരളാ കോണ്‍ഗ്രസ്സ് രാഷ്ട്രീയം ഇപ്പോള്‍ കടന്നുപോകുന്നതും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാകാനുള്ള തീരുമാനം കഴിഞ്ഞ ഒക്ടോബറില്‍ നാം എടുക്കുമ്പോള്‍ അത്തരമൊരു രാഷ്ട്രീയ മാറ്റത്തെ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നുള്ള ആശങ്ക ചിലരെങ്കിലും പങ്കുവച്ചിരുന്നു. എന്നാല്‍ ആശങ്കകള്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്ന ദിനങ്ങളാണ് പിന്നീട് വന്നത്. ഇച്ഛാശക്തിയോടെ ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടുപോയപ്പോള്‍ വിജയത്തിന്റെ വാതിലുകള്‍ ഒന്നൊന്നായി തുറന്നു.

കഴിഞ്ഞ ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തു തെളിയിച്ചു. കോട്ടയത്ത് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 219 സീറ്റുകള്‍ നേടി വന്‍ കുതിപ്പ് നടത്താനായി. തുടര്‍ന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പും നമ്മുടെ തീരുമാനം ശരിവയ്ക്കുന്നതും അംഗീകരിക്കുന്നതുമായി. നാം എടുത്ത രാഷ്ട്രീയ തീരുമാനം എല്ലാ അര്‍ഥത്തിലും ശരിയായിരുന്നു.ശരിപക്ഷത്തു നിന്നുളള ശരിയായ തീരുമാനം. കേരള കോണ്‍ഗ്രസ് എം ഇന്ന് രാഷ്ട്രീയ മുന്നേറ്റത്തിന്റെ പാതയിലാണ്. സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി കെഎം മാണി സാറിന്റെ ആശയത്തില്‍ ചരല്‍കുന്ന് ക്യാമ്പില്‍ ആവിഷ്‌ക്കരിച്ച മിഷന്‍ 2030 യുടെ ആദ്യചവിട്ടുപടി വിജയകരമായി പൂര്‍ത്തിയായി കഴിഞ്ഞു. പാര്‍ട്ടിയുടെ ജനകീയാടിത്തറ വികസിപ്പിക്കുന്നതിലുളള വിപുലമായ ഈ കര്‍മപദ്ധതിയുടെ ലക്ഷ്യം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാവുക എന്നതാണ്. ആ ലക്ഷ്യത്തില്‍ പ്രതീക്ഷയ്‌ക്കൊത്തു മുന്നേറാന്‍ നമുക്ക് കഴിഞ്ഞുവെന്ന് ഓരോ പ്രവര്‍ത്തകനും അഭിമാനത്തോടെ പറയാനാവും. കേരളത്തിലെ ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മിന് മുന്നണിയുടെ ചരിത്ര വിജയത്തിന് പ്രധാന പങ്കുവഹിക്കാനായി..

കേരള കോണ്‍ഗ്രസ് എം പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനവിഭാഗങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലുക. എല്ലാ ജനവിഭാഗങ്ങളേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക. പരമ്പരാഗത മേഖലകളുടെ വേലികെട്ടുകള്‍ക്ക് അപ്പുറത്തേക്ക് പടര്‍ന്നു പന്തലിക്കുക. എല്ലാ ജനിവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുക. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പാര്‍ട്ടി ആകുക ആതാണ് മുന്നിലുളള അടുത്ത ലക്ഷ്യം. അതിലേക്കായി പാര്‍ട്ടി സര്‍വസജ്ജമാകുകയാണ്.

ജന്മദിനത്തോടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. തെരഞ്ഞെടുപ്പിനൊപ്പം പാര്‍ട്ടിയിലേക്ക് അംഗത്വ കാംപെയ്‌നും തുടക്കമാകുകയാണ്. പാര്‍ട്ടിയുടെ ആശയാഭിലാഷങ്ങള്‍ നെഞ്ചിലേറ്റുന്ന എല്ലാ ജനവിഭാഗങ്ങളെയും സജീവ അംഗങ്ങളാക്കുക എന്നതാണ് അതില്‍ പ്രധാനം. പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ആ ജനവിഭാഗത്തെയും ഉള്‍ക്കൊള്ളണം. ചേര്‍ത്തു നിര്‍ത്തണം. അതായത് രണ്ടു തലത്തിലുളള അംഗത്വമാണ് പാര്‍ട്ടിയിലുണ്ടാവുക. സജീവ അംഗത്വം. കൂടാതെ സാധാരണ അംഗത്വം. പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്താന്‍ കഴിയുന്ന സമഗ്രമാറ്റത്തിന് ഇതു വഴിയൊരുക്കുമെന്നത് തീര്‍ച്ചയാണ്. പാര്‍ട്ടിയുടെ 58ാം ജന്മദിനത്തില്‍ വയസ്‌ക്കര കുന്നിലെ പാര്‍ട്ടി ഓഫീസില്‍ ഉയരുന്നത് അഭിമാനത്തിന്റെ പതാകയാണ്. കൂടുതല്‍ ഉയരങ്ങളിലേക്ക് പാറി പറക്കാന്‍ പതാകയ്ക്കു കഴിയും . അഭിമാനത്തോടെ മുന്നോട്ട് ജയ് ജയ് കേരള കോണ്‍ഗ്രസ് എം.

Next Story