Top

തീവ്രവാദത്തെ കുറിച്ചുള്ള സിപിഐഎം പരാമർശം; പ്രതികരിക്കാതെ ജോസ് കെ മാണി

പ്രൊഫഷണല്‍ കോളെജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഐഎം

17 Sep 2021 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീവ്രവാദത്തെ കുറിച്ചുള്ള സിപിഐഎം പരാമർശം; പ്രതികരിക്കാതെ ജോസ് കെ മാണി
X

പ്രൊഫഷണല്‍ കോളെജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഐഎമ്മിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല, വിഷയത്തില്‍ ഇതിനകം സമൂഹത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നതാണെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ജോസ് കെ മാണിയുടെ പ്രതികരണം. സര്‍ക്കാരിന് എല്ലാ കാര്യങ്ങളും അറിയാം. ഉചിതമായ സമയത്ത് ഉചിതമായ ഇടപെടല്‍ നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.

പ്രൊഫഷണല്‍ കോളെജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്നായിരുന്നു സിപിഐഎം പരാമർശം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ക്രൈസ്തവരെ മുസ്ലീം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്തവരില്‍ ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. ക്ഷേത്രവിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളില്‍ ഇടപെടണമെന്നും സിപിഐഎം നിര്‍ദേശിക്കുന്നു.

മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയതീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. വിഷയത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Next Story