Top

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റഡോസ് വാക്‌സിന് ഇന്ത്യയില്‍ അനുമതി

85 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന് കമ്പനി അവകാശപ്പെടുന്നത്.

7 Aug 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റഡോസ് വാക്‌സിന് ഇന്ത്യയില്‍ അനുമതി
X

ന്യൂഡല്‍ഹി: യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനിന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

രാജ്യത്തിന്റെ വാക്‌സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുകയാണ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒറ്റ ഡോസ് വാക്‌സിന് രാജ്യം അടിയന്തര അനുമതി നല്‍കിയിരിക്കുന്നു. ഇതോടെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്‌സിനുകളുടെ എണ്ണം അഞ്ച് ആവുകയാണ്. രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വലിയ മുന്നേറ്റമാണിതുണ്ടാക്കാന്‍ പോകുന്നതെന്നും മന്ത്രി
ട്വീറ്റില്‍ പറയുന്നു.

ആസ്ട്രസെനിക്കയുടെ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക്ക് ഫൈവ്, മൊഡേണ എന്നിവയാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് മുന്‍പ് അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകള്‍.


ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വാക്‌സിന് ഉപയോഗാനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യന്‍ കമ്പനിയായ ബയോളജിക്കല്‍ ഇ-യുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക.
85 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന് കമ്പനി അവകാശപ്പെടുന്നത്. വാക്‌സിന്‍ എടുത്ത് 28 ദിവസത്തിനകം ഫലപ്രാപ്തിയുണ്ടാകും. ഡെല്‍റ്റാ വകഭേദത്തിനും ഈ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതായാണ് ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് യുഎസ് അനുമതി നല്കുന്നത്.
Next Story