Top

'നാര്‍കോട്ടിക് മാഫിയ അത്രേം മതി; 'ജിഹാദ്' എന്ന പദം മനപൂര്‍വ്വം ഒഴിവാക്കി മുഖ്യമന്ത്രി

വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

15 Sep 2021 1:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാര്‍കോട്ടിക് മാഫിയ അത്രേം മതി; ജിഹാദ് എന്ന പദം മനപൂര്‍വ്വം ഒഴിവാക്കി മുഖ്യമന്ത്രി
X

നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ജിഹാദ്' എന്ന പദം മനപൂര്‍വ്വം ഒഴിവാക്കിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നാര്‍കോട്ടിക് മാഫിയ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ അത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതവുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ അപ്രസക്തമാണെന്ന അടിവരയിടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്വേഷ പ്രചാരണം നടത്തിയാല്‍ ചര്‍ച്ചയുണ്ടാവില്ല കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദായത്തിന്റെ ഉന്നമനത്തിനായി അവര്‍ ശ്രമിക്കും. അവര്‍ അവരോട് തന്നെ സംസാരിക്കും, അതില്‍ തെറ്റില്ല. ഇവിടെ സമുദായത്തോട് അവര്‍ സ്വന്തം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലയുണ്ടാവരുത്. അത് മാത്രമാണ് ഇവിടെ വിവാദ വിഷയം.

പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയില്ല. ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ് നാര്‍കോട്ടിക് മാഫിയ. ആഭിചാരം വഴി സ്ത്രീകളെ വശീകരിക്കുന്നതൊക്കെ നാടുവാഴികളുടെ കാലത്തെ കാര്യമാണ്. ശാസ്ത്ര യുഗത്തില്‍ വശീകരിക്കുകയെന്നൊക്കെ പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ യോജിപ്പ് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Popular

    Next Story